ന്യൂദല്‍ഹി: കൊവിഡ് കേസുകള്‍ വര്‍ധിക്കുമ്പോഴും തിരക്കുപിടിച്ച് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‘ദ ഇന്ത്യന്‍ എക്‌സ്പ്രസി’ന് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
തുടക്കത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ ഉദ്ദേശം വേറെയായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി അതല്ലെന്നും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ മാത്രമുള്ള സ്ഥിതിയൊന്നും ഇപ്പോള്‍ രാജ്യത്തില്ലെന്നുമാണ് അമിത് ഷാ പറഞ്ഞത്.
‘നമ്മള്‍ പലരുമായും ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യത്തെ തവണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോഴത്തെ അവസ്ഥ വ്യത്യസ്തമായിരുന്നു. അന്ന് നമുക്ക് അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളും ആവശ്യമായിരുന്നു. എന്തെങ്കിലും മരുന്നോ വാക്‌സിനോ അന്ന് ലഭ്യമായിരുന്നില്ല. ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്.
എന്നാലും ഞങ്ങള്‍ മുഖ്യമന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കും. പക്ഷെ ഇപ്പോള്‍ തിരക്കുപിടിച്ച് ഒരു ലോക്ക് ഡൗണിന്റെ ആവശ്യമില്ല. അങ്ങനൊരു സ്ഥിതിയൊന്നും ഇപ്പോള്‍ കാണുന്നില്ല,’ അമിത് ഷാ പറഞ്ഞു.
അതേസമയം രാജ്യത്ത് കൊവിഡ് കേസുകളില്‍ വലിയ വര്‍ധനവാണ് ഉണ്ടാവുന്നത്. ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധികം പുതിയ രോഗികളാണ് രാജ്യത്ത് ഉണ്ടായത്. കഴിഞ്ഞ ദിവസം മാത്രം 2,61,500 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
രണ്ടാഴ്ചക്കിടെ 12 ലക്ഷം പേരാണ് രോഗബാധിതരായത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഒറ്റയടിക്ക് 26,808 രോഗികളാണ് രാജ്യത്ത് വര്‍ധിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1.47 കോടിയായി.
കഴിഞ്ഞ ദിവസവും മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 67,123 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ പുതുതായി രോഗം ബാധിച്ചത്. 27,334 കേസുകളുമായി ഉത്തര്‍പ്രദേശാണ് രണ്ടാം സ്ഥാനത്ത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,501 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ ആകെ മരണം 1,77,150 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത്. 419 പേര്‍ മഹാരാഷ്ട്രയിലും ദല്‍ഹിയില്‍ 167 പേരും മരിച്ചു.
1,28,09,643 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡില്‍ നിന്ന് രോഗമുക്തി ഉണ്ടായത്. നിലവില്‍ 18,01,316 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Amit Shah says that ther is no situation to impose a lockdown in the country now