Kerala News
കേരളത്തില്‍ വികസനം കൊണ്ടുവരാന്‍ കോണ്‍ഗ്രസിനോ കമ്മ്യൂണിസ്റ്റുകള്‍ക്കോ സാധിക്കില്ല; 2024 തെരഞ്ഞെടുപ്പില്‍ ജനം മറുപടി പറയും: അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 12, 03:56 pm
Sunday, 12th March 2023, 9:26 pm

തൃശൂര്‍: ത്രിപുരയിലെ കോണ്‍ഗ്രസ് – സി.പി.ഐ.എം സഖ്യത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ബി.ജെ.പിയുടെ പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കേരളത്തില്‍ തമ്മിലടിക്കുന്ന പാര്‍ട്ടികള്‍ നിലനില്‍പ്പിനു വേണ്ടി ത്രിപുരയില്‍ കൈകോര്‍ത്തു. എന്നിട്ടും ജനങ്ങള്‍ തെരഞ്ഞെടുത്തത് ബി.ജെ.പിയെയാണ്.

കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനുള്ള മറുപടി 2024 തെരഞ്ഞെടുപ്പില്‍ ജനം നല്‍കുമെന്നും ഷാ പറഞ്ഞു.

കേരളത്തിന് കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് 1,15,000 കോടി നല്‍കിയിട്ടുണ്ട്. ഇത്രയും പണം യു.പി.എ സര്‍ക്കാര്‍ നല്‍കിയിരുന്നില്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

‘കേരളത്തിന് മോദി സര്‍ക്കാര്‍ നല്‍കിയത് 1,15,000 കോടി രൂപയാണ്. യു.പി.എ സര്‍ക്കാര്‍ നല്‍കിയത് 45,000 കോടി രൂപ മാത്രമാണ്. തൊഴിലുറപ്പിന് ബി.ജെ.പി സര്‍ക്കാര്‍ അനുവദിച്ചത് 8500 കോടി രൂപയാണ്. ഗുരുവായൂരില്‍ 317 കോടിയും, കൊച്ചി മെട്രോയുടെ രണ്ടാം ഭാഗത്തിന് 1950 കോടിയും സര്‍ക്കാര്‍ അനുവദിച്ചു,’ ഷാ പറഞ്ഞു.

അതേസമയം പോപ്പുലര്‍ ഫ്രണ്ടിനെ രാജ്യത്ത് നിന്നും നിരോധിച്ചത് രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയാണെന്നും ഷാ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ഇത് അംഗീകരിക്കില്ലെന്നും അവരുടേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും ഷാ ആരോപിച്ചു. കേരളത്തില്‍ വികസനം കൊണ്ടുവരാന്‍ കോണ്‍ഗ്രസിനോ കമ്മ്യൂണിസ്റ്റുകള്‍ക്കോ സാധിക്കില്ല. 2024 തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അവരുടെ മറുപടി തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024 തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഷായുടെ കേരള സന്ദര്‍ശനം. ഹെലികോപ്റ്റര്‍ മാര്‍ഗമായിരുന്നു ഷാ തൃശൂരിലെത്തിയത്.

 

 

Content Highlight: Amit shah says people will reply to kerala in 2024 e;ections, says neither communists nor congress can bring development to kerala