അഗര്‍ത്തല: കോണ്‍ഗ്രസിനെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെയും ഇനി ജനങ്ങള്‍ക്ക് വേണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയൊട്ടാകെ സമൃദ്ധിക്ക് അടിത്തറ പാകിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
കോണ്‍ഗ്രസ് രാജ്യത്ത് നിന്നും കമ്മ്യൂണിസ്റ്റുകള്‍ ലോകത്ത് നിന്നും അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകകയായിരുന്നു അദ്ദേഹം.
അയോധ്യയിലെ രാമക്ഷേത്രം 2024 ജനുവരി ഒന്നിന് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ കോണ്‍ഗ്രസ് കോടതിയില്‍ രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച കേസ് തടസപ്പെടുത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷമാണ് ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് വിധിയുണ്ടായതെന്നും അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചതെന്നും അമിത് ഷാ പറഞ്ഞു.
മുന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ത്രിപുരയിലെ ഭരണത്തില്‍ കേഡര്‍ രാജ് കൊണ്ടുവന്നുവെന്നും, അന്ന് സംസ്ഥാനത്ത് ഒരു വികസനവും നടന്നിട്ടില്ലെന്നും എന്നാല്‍ ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം അതിന് മാറ്റമുണ്ടായെന്നും
ഷാ പറഞ്ഞു.
ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബി.ജെ.പി ത്രിപുരയില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
Content Highlight: Amit Shah Says People do not want Congress and Communist parties