| Sunday, 1st March 2020, 10:33 pm

മമതാ ബാനര്‍ജി ബംഗാളില്‍ കലാപത്തിന് ശ്രമിക്കുന്നെന്ന് അമിത് ഷാ; കണക്കുവെച്ച് മറുപടി പറഞ്ഞ് മഹുവ മൊയ്ത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കലാപമുണ്ടാക്കാനുള്ള ശ്രമമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി നടത്തുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയാണ് മമതയെന്നും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അമിത് ഷാ അവകാശപ്പെട്ടു.

കൊല്‍ക്കത്തയില്‍ ബി.ജെ.പിയുടെ റാലിയിലായിരുന്നു അമിത് ഷാ ഇക്കാര്യങ്ങള്‍ പറഞ്ഞത്. 2021ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ബംഗാളില്‍ മികച്ച വിജയം നേടുമെന്നും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ബി.ജെ.പിക്കൊപ്പമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അമിത് ഷായുടെ വെല്ലുവിളിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. ദല്‍ഹിയില്‍ ജനം നിങ്ങളെ തൂത്തെറിഞ്ഞതുപോലെ 2021ല്‍ ബംഗാള്‍ ജനതയും പ്രതികരിക്കും എന്നാണ് തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര പ്രതികരിച്ചത്. സത്യത്തില്‍ നിലവില്‍ നിങ്ങള്‍ക്ക് മൂന്നോ നാലോ എം.എല്‍എമാരാണ്. അല്ലാതെ, മൂന്നില്‍ രണ്ടല്ല. വികസനമല്ല, വിനാശമാണ് നിങ്ങള്‍ ഉണ്ടാക്കുന്നതെന്നും അവര്‍ പറഞ്ഞു.

ബംഗാളില്‍ വന്ന് വീരവാദങ്ങള്‍ മുഴക്കുന്നതിന് മുമ്പായി ദല്‍ഹിയില്‍ നിങ്ങളുടെ മൂക്കിന് കീഴെ നടന്ന കലാപത്തെക്കുറിച്ച് സംസാരിക്കുകയും ഇരകളോട് മാപ്പുപറയുകയും ചെയ്യൂ എന്നാണ് തൃണമൂല്‍ എം.പി അഭിഷേക് ബാനര്‍ജിയുടെ പ്രതികരണം.

ബി.ജെ.പിക്കാര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന മതഭ്രാന്തും വിദ്വേഷവുമൊഴിച്ച് നിര്‍ത്തിയാല്‍ ബംഗാള്‍ മികച്ചതാണെന്നും അഭിഷേക് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more