| Wednesday, 19th December 2018, 11:25 am

തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് തിരിച്ചടി, ആത്മപരിശോധന നടത്തുമെന്നും അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ പരാജയം നേരിടേണ്ടി വന്നെന്ന വിലയിരുത്തലുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എന്നാല്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് ആവര്‍ത്തിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആദ്യമായാണ് അമിത് ഷാ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്.

രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഡിലും ബി.ജെ.പിക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്. എന്നാല്‍ 2019 ലെ തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമി തിരിച്ചുപിടിക്കുക അനിവാര്യമാണെന്നും അമിത് ഷാ പറഞ്ഞു.


മോദിയേയും ബി.ജെ.പിയേയും വിമര്‍ശിച്ചു; മണിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകന് ഒരുവര്‍ഷത്തെ തടവ്


“” രാജസ്ഥാനിലേയും മധ്യപ്രദേശിലേയും ചത്തീസ്ഗഡിലേയും തെരഞ്ഞെടുപ്പു ഫലം ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ്. എന്നാല്‍ ഇതിനെ 2019 ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തേണ്ടതില്ല. നിയമസഭാ തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും രണ്ടും രണ്ടാണ്. വ്യത്യസ്ത വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് രണ്ട് തെരഞ്ഞെടുപ്പുകളേയും പാര്‍ട്ടികള്‍ സമീപിക്കുന്നത്-അമിത് ഷാ പ്രതികരിച്ചു.

ഞങ്ങള്‍ ജനവിധി അംഗീകരിക്കുന്നു. തെരഞ്ഞെടുപ്പ് ഫലത്തെ ബി.ജെ.പി പരിശോധിക്കുക തന്നെ ചെയ്യും. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തുകയെന്നത് ബി.ജെ.പിയുടെ മാത്രം കാര്യമല്ല ഇന്ത്യയുടെ ജനങ്ങളുടെ കൂടി ആവശ്യമാണെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

15 വര്‍ഷത്തിന് ശേഷമാണ് മധ്യപ്രദേശും ചത്തീസ്ഗഡും കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്. മധ്യപ്രദേശില്‍ 114 സീറ്റും ചത്തീസ്ഗഡില്‍ 68 സീറ്റും നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ മധ്യപ്രദേശില്‍ ബി.ജെ.പിക്ക് 109 സീറ്റും ചത്തീസ്ഗഡില്‍ 15 സീറ്റും മാത്രമാണ് നേടാനായത്. രാജസ്ഥാനില്‍ 99 സീറ്റ് നേടി കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ബി.ജെ.പി 73 സീറ്റില്‍ ഒതുങ്ങി.

മിസോറാമിലും തെലങ്കാനയിലും ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടിരുന്നു.

We use cookies to give you the best possible experience. Learn more