| Thursday, 13th June 2019, 7:28 pm

കേരളം പിടിക്കാതെ താന്‍ തൃപ്തനാകില്ലെന്ന് അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തിലടക്കം മുന്നേറ്റമുണ്ടാക്കാതെ താന്‍ തൃപ്തനാവുകയില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പി നേതൃയോഗത്തിലാണ് അമിത് ഷായുടെ പരാമര്‍ശം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെങ്കിലും കേരളത്തിലും ബംഗാളിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ പാര്‍ട്ടി ഉന്നതിയിലെത്തില്ലെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍മാരുടെയും സെക്രട്ടറിമാരുടെയും യോഗത്തില്‍ പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി മുഖ്യമന്ത്രിമാര്‍ അധികാരത്തില്‍ എത്തുകയും പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റുവരെ എല്ലായിടത്തും ബി.ജെ.പി അംഗങ്ങള്‍ എത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടാവണമെന്നും ഷാ പറഞ്ഞു.

2019 അവസാനിക്കുന്നത് വരെ ബി.ജെ.പിയില്‍ നേതൃമാറ്റമുണ്ടാവില്ലെന്നും അടുത്ത വര്‍ഷം മാത്രമേ അധ്യക്ഷനെ തെരഞ്ഞെടുക്കുകയുള്ളൂവെന്നും യോഗം തീരുമാനമെടുത്തിട്ടുണ്ട്.

2019 അവസാനിക്കുന്നത് വരെ അമിത് ഷാ പദവിയില്‍ തുടരും ഇതിനിടയില്‍ വരുന്ന മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ഷായ്ക്ക് കീഴിലായിരിക്കും ബി.ജെ.പി നേരിടുക.

ആഭ്യന്തരമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട അമിത് ഷായ്ക്ക് പകരം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമായിരുന്നു. 2014ല്‍ രാജ്നാഥ് സിങ്ങ് ആഭ്യന്തരമമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു.

We use cookies to give you the best possible experience. Learn more