അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പരസ്യപ്രചാരണം അവസാനിച്ചിരിക്കെ മണിശങ്കര്‍ അയ്യരിന്റെ പ്രസ്താവനയെ മുന്‍ നിര്‍ത്തി കോണ്‍ഗ്രസിനെതിരെ പുതിയ നീക്കവുമായി ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് അസഭ്യം പറയുന്നത് ഇതാദ്യമല്ലെന്നും നേരത്തെ കാലനെന്നും കുരങ്ങനെന്നും വൈറസെന്നും രാവണനെന്നും വട്ടനെന്നും വിളിച്ചിരുന്നെന്നും അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായതിനു പിന്നാലെയാണ് അമിത് ഷാ കോണ്‍ഗ്രസിനെതിരെ ട്വിറ്ററിലൂടെ രംഗത്തെത്തിയത്.
“പ്രധാനമന്ത്രി നരേന്ദ്രമോദിയെ അസഭ്യം പറയുന്നത് ഇതാദ്യമല്ല. നേരത്തെ കാലനെന്നും കുരങ്ങനെന്നും വൈറസെന്നും രാവണനെന്നും വട്ടനെന്നും വിളിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. 125 കോടി ജനങ്ങളെ സേവിക്കുന്നത് ഞങ്ങള്‍ തുടരുക തന്നെ ചെയ്യും.” അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
ബി.ആര്‍. അംബേദ്കറുടെ പേരിലുള്ള സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മണിശങ്കര്‍ അയ്യര്‍ മോദിക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നത്. മോദി തരം താഴ്ന്ന, സംസ്‌കാരമില്ലാത്ത വ്യക്തിയാണ്. ഈ സമയത്ത് എന്തിനാണ് അദ്ദേഹം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് എന്നായിരുന്നു മണിശങ്കര്‍ അയ്യരുടെ പ്രസ്താവന.
ഇതേത്തുടര്‍ന്ന് കോണ്‍ഗ്ര്‌സ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നുമാണ് മണിശങ്കര്‍ അയ്യറെ സസ്പെന്‍ഡ് ചെയ്തത്. പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരം മണിശങ്കര്‍ അയ്യര്‍ ക്ഷമാപണവുമായി രംഗത്തെത്തിയെങ്കിലും അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു.