| Wednesday, 13th November 2024, 7:18 pm

'സ്വര്‍ഗത്തില്‍ നിന്ന് ഇന്ദിര ഗാന്ധി തിരിച്ചുവന്നിട്ടും കാര്യമില്ല'; ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ജമ്മു കശ്മീരിന് പ്രത്യേക സംസ്ഥാന പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് തിരിച്ചവന്നാലും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ലെന്നാണ് അമിത് ഷാ പറഞ്ഞത്. മഹാരാഷ്ട്രയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയിരുന്നു ഷാ.

ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ല എന്നതാണ് ബി.ജെ.പിയുടെ നിലപാടെന്നും അമിത് ഷാ പറഞ്ഞു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നാല് തലമുറകള്‍ ആവശ്യപ്പെട്ടാലും ന്യൂനപക്ഷ സമുദായത്തിന് സംവരണം നല്‍കില്ലെന്നും ഷാ ആക്രോശിച്ചു.

മഹാരാഷ്ട്രയില്‍ ഒരിക്കല്‍ കൂടി രാഹുലിന്റെ വിമാനം തകര്‍ന്നുവീഴുമെന്നും അമിത് ഷാ പറഞ്ഞു. ഹിന്ദുക്കളെ തീവ്രവാദികളെന്ന് വിളിച്ചവര്‍ക്കൊപ്പമാണ് ശിവസേന ഇപ്പോള്‍ നിലകൊള്ളുന്നതെന്നും അമിത് ഷാ ആരോപിച്ചു.

ഔറംഗാബാദിന്റെ പേര് സംഭാജി നഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനെയും അയോധ്യ രാമക്ഷേത്രത്തിന്റെ നിര്‍മാണത്തെയും മുത്തലാഖ് നിര്‍ത്തലാക്കുന്നതിനെയും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെയും എതിര്‍ത്തവരുടെ തോളിലാണ് ഉദ്ധവ് താക്കറെ കൈവെച്ചിരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

400 വര്‍ഷം പഴക്കമുള്ള ക്ഷേത്രങ്ങളും കര്‍ഷകരുടെ ഭൂമിയും ജനങ്ങളുടെ വീടുകളും ഇന്ന് വഖഫ് സ്വത്തായി മാറി. വഖഫ് നിയമം ഭേദഗതി ചെയ്യാന്‍ തങ്ങള്‍ ബില്‍ കൊണ്ടുവന്നു, എന്നാല്‍ രാഹുല്‍ ഗാന്ധിയും ശരദ് പവാറും അതിനെ എതിര്‍ക്കുകയാണ് ചെയ്തതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

എന്തൊക്കെ സംഭവിച്ചാലും പ്രധാനമന്ത്രി നരേന്ദ്ര മോദി വഖഫ് നിയമം ഭേദഗതി ചെയ്യുമെന്നും ഷാ പറഞ്ഞു. കഴിഞ്ഞ ദിവസവും ആരെതിര്‍ത്താലും വഖഫ് ഭേദഗതി ബില്‍ നടപ്പിലാക്കുമെന്ന് ഷാ പറഞ്ഞിരുന്നു. ജാര്‍ഖണ്ഡിലെ ബഗ്മാരയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ചായിരുന്നു പരാമര്‍ശം.

വഖഫ് ബോര്‍ഡിന് ഭൂമി തട്ടിയെടുക്കുന്ന സ്വഭാവമുണ്ടെന്നും അമിത് ഷാ ആരോപിച്ചിരുന്നു. ഭൂമി തട്ടിയെടുക്കുന്ന സ്വഭാവമുള്ള ബോര്‍ഡ് കര്‍ണാടകയിലെ ഗ്രാമീണരുടെ സ്വത്തുക്കള്‍തട്ടിയെടുത്തെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു.

വഖഫ് ബില്ലിന് പുറമെ യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു.

Content Highlight: Amit Shah said will not restore Article 370

We use cookies to give you the best possible experience. Learn more