| Monday, 25th October 2021, 6:54 pm

കശ്മീരിലെ വേദിയിൽ ബുള്ളറ്റ് പ്രൂഫ് കവചം എടുത്ത് മാറ്റി അമിത് ഷാ; ആർട്ടിക്കിൾ 370 റദ്ദാക്കിയതിൻ്റെ ഗുണം 2024-ൽ കാണാമെന്ന് ന്യായീകരണവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്തത് കശ്മീരിന്റെ വികസനത്തിനാണെന്ന് അമിത് ഷാ. ഇതിന്റെ ഗുണഫലങ്ങള്‍ 2024ല്‍ കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

‘ജമ്മുവിനും പുതുതായി കൂട്ടിച്ചേര്‍ത്ത കേന്ദ്രഭരണപ്രദേശമായ ലഡാക്കിനും വികസനം യാഥാര്‍ത്ഥ്യമാക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്തത്. ഇതിന്റെയെല്ലാം ഫലം 2024ല്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും,’ അമിത് ഷാ പറഞ്ഞു.

2019 ആഗസ്റ്റില്‍, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം, ആദ്യമായാണ് അമിത് ഷാ കശ്മീര്‍ സന്ദര്‍ശിക്കുന്നത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി കശ്മീരിലെത്തിയിരിക്കുന്നത്.

പ്രസംഗത്തിന് മുന്‍പ് മുന്‍പ് വേദിയിലെ ബുള്ളറ്റ് പ്രൂഫ് കവചം അമിത് ഷാ എടുത്ത് മാറ്റുകയും ചെയ്തിരുന്നു. തനിക്ക് ആളുകളോട് സ്വതന്ത്രമായി സംസാരിക്കണമെന്നാവശ്യപ്പെട്ടാണ് ബുള്ളറ്റ് പ്രൂഫ് എടുത്തുമാറ്റിയത്.

ഷേര്‍-ഇ-കശ്മീരിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് അമിത് ഷാ സുരക്ഷാ കവചം ഒഴിവാക്കി ആളുകളോട് സംസാരിച്ചത്. ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയോടൊപ്പം വേദിയ്‌ലെത്തുന്നതും സുരക്ഷാ കവചം മാറ്റാനാവശ്യപ്പെടുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

‘എനിക്ക് നിങ്ങളോട് സൈ്വര്യമായി സംസാരിക്കണം. അതിനായാണ് ഞാന്‍ സുരക്ഷാകവചം എടുത്തു മാറ്റിയത്. ഇപ്പോള്‍ ഞാനും നിങ്ങളെ പോലെയാണ്,’ ആളുകളെ അഭിസംബോധന ചെയ്ത് അമിത് ഷാ പറഞ്ഞു.

കശ്മീരില്‍ നിരന്തരമായ തീവ്രവാദ ആക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കശ്മീര്‍ താഴ്‌വരയില്‍ മാത്രം 5,000 സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Amit Shah said the repeal of Article 370 was for the development of Kashmir

We use cookies to give you the best possible experience. Learn more