ലഖ്നൗ: രാജ്യസഭാ എം.പിയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സോണിയ ഗാന്ധി എം.പി ഫണ്ടിന്റെ 70 ശതമാനത്തിലേറെയും ചെലവഴിച്ചത് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാണെന്ന് അമിത് ഷാ പറഞ്ഞു. റായ്ബറേലിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു ഷാ.
‘വര്‍ഷങ്ങളോളം നിങ്ങള്‍ ഗാന്ധി കുടുംബത്തിന് അവസരം നല്‍കി. എന്നാല്‍ അവരുടെ നേതൃത്വത്തില്‍ ഇവിടെ ഒരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ല. കോണ്‍ഗ്രസ് വികസന പ്രവര്‍ത്തനങ്ങളില്‍ വിശ്വസിക്കുന്നില്ല. നിങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും ഗാന്ധി കുടുംബം കൂട്ടിനെത്തിയിട്ടില്ല. അവര്‍ അവരുടെ കുടുംബത്തിന് മാത്രമാണ് പ്രാധാന്യം നല്‍കുന്നത്,’ അമിത് ഷാ പറഞ്ഞു.
ഗാന്ധി കുടുംബം കള്ളം പറയുന്നതില്‍ വിദഗ്ദരാണെന്നും എല്ലാ സ്ത്രീകള്‍ക്കും ഒരു ലക്ഷം രൂപ വീതം നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
തെലങ്കാന തെരഞ്ഞെടുപ്പില്‍ എല്ലാ സ്ത്രീകള്‍ക്കും 15,000 രൂപ നല്‍കുമെന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്. അവിടുത്തെ സ്ത്രീകള്‍ കോണ്‍ഗ്രസിനെ തെരഞ്ഞെടുത്ത ശേഷം 15,000 രൂപ പോയിട്ട് 1,500 രൂപ പോലും വോട്ടര്‍മാര്‍ക്ക് നല്‍കിയിട്ടില്ലെന്നും അമിത് ഷാ ആരോപിച്ചു.
ഇതിനുപുറമെ യു.പിയിലെ പ്രതാപ്ഗഡില്‍ നടന്ന റാലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പാക്കിസ്ഥാന്റെ ആണവശേഷിയെ ഭയക്കുന്നുണ്ടെങ്കിലും ബി.ജെ.പിക്ക് ഭയമില്ലെന്ന് അമിത് ഷാ പറഞ്ഞു. പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടേതാണെന്നും തങ്ങള്‍ അത് ഏറ്റെടുക്കുമെന്നും ഷാ പറയുകയുണ്ടായി.
അതേസമയം ബി.ജെ.പി സ്ഥാനാര്‍ത്ഥി ദിനേശ് പ്രതാപ് സിങ്ങിന് വോട്ട് ചെയ്യണമെന്ന് റായ്ബറേലിയിലെ ജനങ്ങളോട് അമിത് ഷാ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
വര്‍ഷങ്ങളായി സോണിയ ഗാന്ധി മത്സരിച്ചിരുന്ന റായ്ബറേലിയില്‍ ഇത്തവണ ജനവിധി തേടുന്നത് രാഹുല്‍ ഗാന്ധിയാണ്. റായ്ബറേലി മണ്ഡലത്തില്‍ മെയ് 20ന് തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.
Content Highlight: Amit Shah said that Sonia Gandhi spent more than 70 percent of MP funds for minorities