ന്യൂദല്‍ഹി: സ്വാതന്ത്ര സമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിനെ വിസ്മരിക്കാനും ശ്രമങ്ങളെ മോദി സര്‍ക്കാര്‍ തകര്‍ത്തെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ ‘സുഭാഷ് ബാബു’വിന്റെ സംഭാവനകള്‍ മറക്കാനാകില്ലെന്നും ഷാ പറഞ്ഞു.
സുഭാഷ് ചന്ദ്രബോസിന്റെ 126ാം ജന്മവാര്‍ഷികത്തില്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഓഡിറ്റോറിയത്തില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷാ.
‘നേതാജിയെ മറക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്നത് വിരോധാഭാസമാണ്. അതിനുള്ള ശ്രമങ്ങളെ തടയാന്‍ പ്രധാനമന്ത്രി മോദി നടത്തിയ ശ്രമങ്ങള്‍ ശ്ലാകനീയമാണ്.
ന്യൂദല്‍ഹിയിലെ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ഞങ്ങള്‍ സ്ഥാപിച്ചു. ഇത് നമ്മുടെ തലമുറയെ രാജ്യത്തോടുള്ള അവരുടെ കര്‍ത്തവ്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കും.
21 ദ്വീപുകള്‍ക്ക് പരമവീര ചക്ര പുരസ്‌കാര ജേതാക്കളുടെ പേര് നല്‍കിയ പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിനെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ അറിവില്‍, മറ്റൊരു രാജ്യവും തങ്ങളുടെ സൈനികരെ ദ്വീപുകള്‍ക്ക് പേരിട്ട് ആദരിച്ചിട്ടില്ല,’ ഷാ പറഞ്ഞു.
‘പരാക്രം ദിവസ്’ ആഘോഷ ചടങ്ങുകളുടെ ഭാഗമായാണ് അന്തമാനിലെ 21 ദ്വീപുകള്‍ക്ക് പരമവീരചക്ര ജേതാക്കളുടെ പേര് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്.
റോസ് ഐലന്റ് എന്നറിയപ്പെട്ടിരുന്ന നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപിലൊരുക്കുന്ന സുഭാഷ് ചന്ദ്രബോസ് സ്മാരകത്തിന്റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. അമിത് ഷായും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
അതേസമയം, സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആര്‍.എസ്.എസ് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തതില്‍ വിവാദമായിരുന്നു.
നേതാജിയുടെ ജന്മദിനം ആഘോഷിക്കാനുള്ള ആര്‍.എസ്.എസിന്റെ യോഗ്യതയെ ചോദ്യം ചെയ്തുകൊണ്ട് കുടുംബാംഗം രംഗത്തെത്തെത്തിയിരുന്നു.
നേതാജിയുടേതില്‍ നിന്ന് വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള, സവര്‍ക്കറെ ആരാധിക്കുന്ന സംഘടനയാണ് ആര്‍.എസ്.എസ് എന്നും അവര്‍ക്ക് നേതാജിയുടെ ജന്മദിനം ആഘോഷിക്കാനുള്ള അവകാശമില്ലെന്നുമുള്ള തരത്തിലാണ് സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗമായ ചന്ദ്രകുമാര്‍ ബോസ് പ്രതികരിച്ചിരുന്നത്.