ന്യൂദല്‍ഹി: ത്രിപുര തെരഞ്ഞെടുപ്പിന് മുന്നോടിയായി അധികാരികളുമായുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൂടിക്കാഴ്ചയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ത്രിപുരയിലെത്തിയ അമിത് ഷാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും, പൊലീസ് ഉദ്യോഗസ്ഥരുമായും രഹസ്യയോഗം നടത്തിയെന്ന് യെച്ചൂരി കത്തില്‍ ചൂണ്ടിക്കാട്ടി.
‘കേന്ദ്ര ആഭ്യന്തരമന്ത്രിയായിരിക്കുന്ന ഒരാള്‍ ത്രിപുര തെരഞ്ഞെടുപ്പിന്റെ നടത്തിപ്പില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നത് ഗുരുതരമായ പ്രശ്‌നമാണ്. ഇതിന് മുന്നേ തെരഞ്ഞെടുപ്പ് കമ്മീഷനുമായി നടന്ന മീറ്റിങ്ങില്‍ അമിത് ഷായുടെ ഇത്തരം ഇടപെടലുകളില്‍ ഞങ്ങള്‍ക്കുള്ള ആശങ്കകള്‍ അറിയിച്ചിട്ടുണ്ടായിരുന്നു.
സ്വതന്ത്രവും നീതിയുക്തവുമായി തന്നെ തെരഞ്ഞെടുപ്പ് നടക്കുമെന്ന് നിങ്ങള്‍ ഉറപ്പ് തന്നിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് ഭിന്നമായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്,’ യെച്ചൂരി കത്തില്‍ പറഞ്ഞു.
അമിത് ഷായുടെ കൂടിക്കാഴ്ച ചട്ടലംഘനമാണെന്നും അതില്‍ നടപടിയെടുക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫെബ്രുവരി 11ന് അമിത് ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.
അമിത് ഷായുടെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് സി.പി.ഐ.എം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയും തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്.