ന്യുദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവൃത്തികളെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദി ഏകാധിപതിയല്ലെന്നും അദ്ദേഹത്തെ പോലെ ഒരു കേള്‍വിക്കാരനെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.
യോഗങ്ങളിലെല്ലാം മോദി അല്‍പം മാത്രമാണ് സംസാരിക്കാറുള്ളതെന്നും അദ്ദേഹം എല്ലാവരെയും ക്ഷമയോടെ കേള്‍ക്കാറുണ്ടെന്നും അമിത് ഷാ പറഞ്ഞു.
2-3 യോഗങ്ങള്‍ക്ക് ശേഷമാണ് മോദി ഒരോ വിഷയത്തിലും തന്റെ തീരുമാനങ്ങള്‍ എടുക്കാറുള്ളത്. തീരുമാനം എടുക്കാന്‍ എന്തിനാണ് ഇത്രയുമധികം സമയം വേണ്ടിവരുന്നത് എന്ന് ചിന്തിക്കാറുണ്ട്, അമിത് ഷാ പറഞ്ഞു.
ആരാണെന്ന് പോലും നോക്കാതെ എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് മോദി പ്രാധാന്യം നല്‍കാറുണ്ട്. അതിനാല്‍ സ്വന്തം തീരുമാനത്തിന് മാത്രം മുന്‍ഗണന നല്‍കി മോദി മുന്നോട്ട് പോകാറില്ല എന്നും അമിത് ഷാ പറഞ്ഞു.
മോദിയോടൊപ്പം പ്രവര്‍ത്തിച്ചവരില്‍ അദ്ദേഹത്തിന്റെ വിമര്‍ശകര്‍ പോലും മന്ത്രിസഭ മോദിയുടെ ഇഷ്ടത്തിന് മാത്രമാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പറയുകയില്ല എന്നും അമിത് ഷാ പറഞ്ഞു.
കര്‍ഷകസമര വിഷയത്തിലും പ്രധാനമന്ത്രിയെ അമിത് ഷാ ന്യായികരിച്ച് സംസാരിച്ചു. കര്‍ഷകര്‍ക്ക് സഹായകരമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
11 കോടി കര്‍ഷകര്‍ക്ക് എല്ലാ വര്‍ഷവും 6,000 രൂപ നല്‍കുന്നുണ്ടെന്നും 1.5 ലക്ഷം കോടി രൂപയാണ് ഇതിനായി ഒരോ വര്‍ഷവും മാറ്റിവെക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ 1.5 ലക്ഷം കോടി രൂപ കര്‍ഷകരുടെ കൈകളില്‍ നേരിട്ട് എത്തുമെന്നും ബാങ്കുകള്‍ക്ക് ഇത്തില്‍ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കുറച്ച് കാലം മുമ്പ് യു.പി.എ ഗവണ്‍മെന്റ് 60,000 കോടി കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു. ആ പണം കര്‍ഷകര്‍ക്ക് ലഭിക്കാതെ മുഴുവല്‍ ബാങ്കിലേക്ക് തന്നെ തിരിച്ച് പോയിട്ടുണ്ട് എന്നും അമിത് ഷാ കുറ്റപ്പെടുത്തി.