ന്യൂദല്‍ഹി: കര്‍ഷക സംഘടനകളുമായി ചൊവ്വാഴ്ച കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ട പശ്ചാത്തലത്തില്‍ മന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍ എന്നിവരെയാണ് അമിത് ഷാ വസതിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് കേന്ദ്രം നിയോഗിച്ചത് രാജ്‌നാഥ് സിങ്ങിനെയായിരുന്നു. എന്നാല്‍ ഈ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് അമിത് ഷാ വീണ്ടും രംഗത്തെത്തിയത്.
രാവിലെ പതിനൊന്ന് മണിയോടെ അമിത് ഷായുടെ വസതിയിലെത്തിയ നേതാക്കള്‍ ചര്‍ച്ച തുടരുകയാണ്. കര്‍ഷകരുമായി ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട പശ്ചാത്തലത്തില്‍ വ്യാഴാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ നാളെ കര്‍ഷകര്‍ക്ക് മുന്‍പില്‍ വെക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാവണമെന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് അമിത് ഷാ യോഗം വിളിച്ചിരിക്കുന്നത്. നേരത്തെ കര്‍ഷകരുമായി ചര്‍ച്ച നടത്തുമെന്ന് പറഞ്ഞത് അമിത് ഷായായിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനും കാര്യങ്ങള്‍ സംസാരിക്കാനുമുള്ള ചുമതല പിന്നീട് രാജ്‌നാഥ് സിങ്ങിനെ ഏല്‍പ്പിക്കുകയായിരുന്നു.
അതേസമയം ദിവസങ്ങള്‍ കഴിയുന്തോറും കര്‍ഷക പ്രക്ഷോഭത്തിന്റെ ശക്തി കൂടിവരുന്നതും അന്താരാഷ്ട്ര തലത്തിലടക്കം വിഷയം ചര്‍ച്ചയായതും കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
നാളെ ഏത് വിധത്തിലുള്ള പ്രശ്‌നപരിഹാരത്തിനാവും സര്‍ക്കാര്‍ ശ്രമിക്കുകയെന്നതില്‍ വ്യക്തതയില്ല. കാര്‍ഷിക നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന മറ്റൊരു ഉപാധിയും തങ്ങള്‍ അംഗീകരിക്കില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കര്‍ഷകര്‍ക്ക് പിന്തുണയുമായി ദല്‍ഹി വാഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളും സമരപ്പന്തലില്‍ എത്തിയിട്ടുണ്ട്. ദല്‍ഹിയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയത്.
സിംഗു-തിക്രി അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്കൊപ്പം വിദ്യാര്‍ത്ഥികളും സമരത്തില്‍ അണിനിരന്നിട്ടുണ്ട്. ജനവിരുദ്ധമായ ഇത്തരമൊരു നിയമം നടപ്പാക്കിയതില്‍ രാജ്യത്തെ ജനങ്ങളോട് ബി.ജെ.പി സര്‍ക്കാര്‍ മാപ്പുപറയണമെന്നും നിയമം പിന്‍വലിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക