പൂനെ: ശിവസേന സ്ഥാപകൻ ബാലാസാഹിബ് താക്കറെയെയും ഹിന്ദുത്വ സൈദ്ധാന്തികൻ വീർ സവർക്കറെയും അപമാനിച്ച നേതാക്കൾക്കൊപ്പമാണ് ശിവസേന (യു.ബി.ടി) തലവൻ ഉദ്ധവ് താക്കറെ നിൽക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
പൂനെ: ശിവസേന സ്ഥാപകൻ ബാലാസാഹിബ് താക്കറെയെയും ഹിന്ദുത്വ സൈദ്ധാന്തികൻ വീർ സവർക്കറെയും അപമാനിച്ച നേതാക്കൾക്കൊപ്പമാണ് ശിവസേന (യു.ബി.ടി) തലവൻ ഉദ്ധവ് താക്കറെ നിൽക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
നവംബർ 20ന് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഭാരതീയ ജനതാ പാർട്ടിയുടെ (ബി.ജെ.പി) പ്രകടനപത്രികയായ ‘സങ്കൽപ് പത്ര’ പുറത്തിറക്കിയ ശേഷമായിരുന്നു ഷായുടെ പരാമർശം. ഒപ്പം രാജ്യത്ത് മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം അനുവദിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
വീർ സവർക്കറെ പുകഴ്ത്താൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിക്കാൻ ഉദ്ധവ് താക്കറെയോട് അമിത് ഷാ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കൾ ബാലാസാഹിബ് താക്കറെയുടെ പൈതൃകത്തെ തുടർച്ചയായി അവഹേളിച്ചിട്ടുണ്ടെന്ന് അമിത് ഷാ ആരോപിച്ചു.
‘വീർ സവർക്കറിന് വേണ്ടി രണ്ട് നല്ല വാക്കുകൾ പറയാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിക്കാൻ കഴിയുമോ എന്ന് ഉദ്ധവ് താക്കറെയോട് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,. ബാലാസാഹിബ് താക്കറെയെ ആദരിച്ച് ഏതെങ്കിലും കോൺഗ്രസ് നേതാവിന് കുറച്ച് വാക്കുകൾ പറയാൻ കഴിയുമോ,’ അമിത് ഷാ ചോദിച്ചു.
അമിത് ഷായുടെ അഭിപ്രായത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ ‘സങ്കൽപ് പത്ര’ പ്രകടനപത്രിക, മഹാരാഷ്ട്രയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ ഉൾക്കൊള്ളുന്നതും സ്വാതന്ത്ര്യസമരത്തിലും സാമൂഹിക വിപ്ലവത്തിലും സംസ്ഥാനത്തിൻ്റെ ചരിത്രപരമായ പ്രാധാന്യം എടുത്തുകാണിക്കുന്നതുമാണ്.
പ്രതിപക്ഷ മഹാ വികാസ് അഘാഡിയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ പ്രത്യയശാസ്ത്രത്തെ അവഹേളിക്കുന്നതാണെന്ന് അദ്ദേഹം വിമർശിക്കുകയും അവ പ്രീണനത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ആരോപിച്ചു.
നവംബർ 20 നാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഫലം നവംബർ 23ന് പ്രഖ്യാപിക്കുകയും ചെയ്യുന്നതാണ്.
Content Highlight: Amit Shah’s jibe at Uddhav Thackeray: ‘Siding with those who insulted Balasaheb’