| Friday, 20th December 2024, 10:56 am

അമിത് ഷായുടെ അംബേദ്ക്കര്‍ വിരുദ്ധ പരാമര്‍ശം; പാര്‍ലമെന്റില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ആര്‍. അംബേദ്ക്കറിനെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരമാര്‍ശത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. അമിത് ഷായുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ അംഗങ്ങള്‍ പ്രതിഷേധിക്കുന്നത്.

വിജയ് ചൗക്കില്‍ നിന്നാണ് പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധം ആരംഭിച്ചത്. ഇന്നലെ ഈ പ്രതിഷേധത്തില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ കേസെടുത്തത് കൊണ്ട് ഭയന്ന് പിന്മാറില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു.

അംബേദ്ക്കര്‍ക്ക് വേണ്ടി നിലകൊണ്ടു എന്നതിന്റെ പേരില്‍ കേസ് ഫയല്‍ ചെയ്തതുകൊണ്ട്‌ ഭയന്ന് ഓടുന്നവനല്ല രാഹുല്‍ ഗാന്ധിയെന്നും അമിത് ഷാ മാപ്പ് പറഞ്ഞ് രാജി വെക്കണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് എം.പിമാരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ അഖിലേഷ് യാദവ്, ഡിംപിള്‍ യാദവ് എന്നിവരെല്ലാം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

രാജ്യസഭയില്‍ മറുപടി നല്‍കുന്നതിനിടെ അംബേദ്ക്കര്‍ അംബേദ്ക്കര്‍ എന്ന് വിളിക്കുന്നതിന് പകരം ദൈവത്തിനെ വിളിച്ചിരുന്നെങ്കില്‍ ഇവര്‍ക്ക് മോക്ഷം കിട്ടുമായിരുന്നു എന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

ഇന്നലെ (വെള്ളിയാഴ്ച്ച) സമാനമായ പ്രതിഷേധം നടത്തിയ പ്രതിപക്ഷ നേതാവിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയില്‍ ഭരണപക്ഷത്തെ രണ്ട് എം.പിമാര്‍ക്ക് പരിക്കേറ്റതായി ചൂണ്ടിക്കാണിച്ചാണ് ദല്‍ഹി പൊലീസ് രാഹുലിനെതിരെ കേസ് എടുത്തത്.

നിലവില്‍ അമിത് ഷായ്ക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ വഴിതിരിച്ച് വിടാനുള്ള ഭരണപക്ഷത്തിന്റെ ഒരു തന്ത്രമാണ് രാഹുലിനെതിരായ എഫ്.ഐ.ആര്‍ എന്ന് കെ.സി. വേണുഗോപാല്‍ ആരോപിച്ചു.

ബാബാസാഹെബിന്റെ പൈതൃകത്തെ സംരക്ഷിച്ചതിനുള്ള ഈ കേസ് ബഹുമതിയായി കണക്കാക്കുമെന്നും ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കല്‍ കാരണം രാഹുല്‍ ഗാന്ധിക്കെതിരെ ഇതിനകം 26 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും കെ.സി. വേണുഗോപാല്‍ എക്‌സില്‍ കുറിച്ചു.

ബി.എന്‍.എസിലെ സെക്ഷന്‍ 117, 125 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തി), 131 (ക്രിമിനല്‍ ബലപ്രയോഗം), 351 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 3(5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഗാന്ധിക്കെതിരെ കേസെടുത്തിരിക്കുന്നത്. ബി.ജെ.പി എം.പി ഹേമാംഗ് ജോഷിയാണ് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും ഇതേ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ പരാതിയില്‍ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.

Content Highlight: Amit Shah’s anti-Ambedkar remarks; The opposition intensified the protest in the parliament

We use cookies to give you the best possible experience. Learn more