ചെന്നൈ: ബി.ആര്‍. അംബേദ്ക്കര്‍ക്കെതിരായ കേന്ദ്രമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. ചെന്നൈ പ്രസിഡന്‍സി കോളേജില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തിലാണ് അമിത് ഷാക്കെതിരെ പ്രതിഷേധം നടക്കുന്നത്.
ആര്‍.എസ്.എസ്-ബി.ജെ.പിയുടെ ജാതി ചിന്താഗതിയാണ് പരാമര്‍ശങ്ങള്‍ വെളിപ്പെടുത്തുന്നതെന്ന് എസ്.എഫ്.ഐ പ്രതികരിച്ചു. എ.ഐ.എസ്.എയും അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.
സംസ്ഥാന ഭരണകക്ഷിയായ ഡി.എം.കെയും വിദ്യാര്‍ത്ഥി നേതാക്കളും പ്രതിഷേധ രംഗത്തുണ്ട്. അംബേദ്ക്കര്‍ പരാമര്‍ശത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് ഡി.എം.കെ ആഹ്വാനം ചെയ്തിരിക്കുന്നത്.
ഒന്നിലധികം ദളിത് സംഘടനകളും കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. നാഗ്പൂരില്‍ ദീക്ഷഭൂമി ബച്ചാവോ സംഘര്‍ഷ് സമിതി ഷാക്കെതിരെ മാര്‍ച്ച് നടത്തുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ബി.ജെ.പിയുടെ ജാതിവെറിയാണ് കേന്ദ്ര സര്‍വകലാശാലകളിലെയും ഐ.ഐ.ടികളിലെയും വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ക്ക് കാരണമാകുന്നതെന്നും വിദ്യാര്‍ത്ഥി നേതാക്കള്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐയും അമിത് ഷാക്കെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
അമിത് ഷാക്കെതിരെ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും രംഗത്തെത്തിയിട്ടുണ്ട്. അമിത് ഷായ്ക്ക് കിറുക്കാണെന്നാണ് അദ്ദേഹം പറഞ്ഞത്. ചിത്തഭ്രമം ബാധിച്ചയാളാണ് മന്ത്രിസഭയില്‍ ഇരിക്കുന്നതെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.
ബി.ജെ.പിയുടെ അതേ മാനസികാവസ്ഥയാണ് അമിത് ഷായുടെ പരാമര്‍ശങ്ങളിലൂടെ പ്രതിഫലിച്ചതെന്ന് അംബേദ്ക്കറുടെ ചെറുമകന്‍ പ്രകാശ് അംബേദ്ക്കറും പ്രതികരിച്ചു.
ഇന്നലെ (ബുധനാഴ്ച) പാര്‍ലമെന്റ് വളപ്പില്‍ ഇന്ത്യാ സഖ്യം അമിത് ഷാക്കെതിരെ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസഭകളും നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.
പ്രതിഷേധത്തിന് പിന്നാലെ അംബേദ്കറെ ബഹുമാനിക്കുന്നുവെങ്കില്‍ അമിത് ഷായെ അര്‍ധരാത്രിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടിരുന്നു.
‘അമിത് ഷാ മാപ്പ് പറയണം. അല്ലത്തപക്ഷം മോദിക്ക് ഭരണഘടനയോട് എന്തെങ്കിലും ബഹുമാനമുണ്ടെങ്കില്‍ അര്‍ധരാത്രി 12 മണിക്ക് മുമ്പ് അമിത് ഷായെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം. എങ്കില്‍ മാത്രമേ ജനങ്ങള്‍ നിശബ്ദരാകൂ,’ ഖാര്‍ഗെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഇപ്പോള്‍ അംബേദ്ക്കര്‍ അംബേദ്ക്കര്‍ എന്ന് പറഞ്ഞ് നടക്കുകയാണെന്നാണ് അമിത് ഷാ പറഞ്ഞത്. കൂടാതെ, അംബേദ്ക്കര്‍ എന്ന് പറഞ്ഞ അത്രയും തവണ ദൈവത്തിന്റെ പേര് പറഞ്ഞിരുന്നെങ്കില്‍ കോണ്‍ഗ്രസിന് മോക്ഷം കിട്ടിയേനെയെന്നും ഷാ പ്രസ്താവന നടത്തിയിരുന്നു.
രാജ്യസഭയില്‍ നടന്ന ഭരണഘടനാ ചര്‍ച്ചയില്‍ സംസാരിക്കവേയായിരുന്നു ഷായുടെ പരാമര്‍ശം. ഇതേ തുടര്‍ന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി സഭയില്‍ പ്രതിഷേധിക്കുകയും വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
Content Highlight: Amit Shah’s Ambedkar reference; Student protest in Chennai