| Friday, 14th June 2019, 12:27 pm

ബി.ജെ.പിയില്‍ നഡ്ഡയെ 'വെട്ടി' ഭൂപേന്ദ്ര യാദവ് വര്‍ക്കിങ് പ്രസിഡന്റായേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാവുന്നതുവരെ ബി.ജെ.പി ദേശീയാധ്യക്ഷനായി അമിത് ഷാ തന്നെ തുടരാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ ധാരണയായതിനു തൊട്ടുപിന്നാലെ വര്‍ക്കിങ് പ്രസിഡന്റിനെ നിയമിക്കാനൊരുങ്ങി ബി.ജെ.പി. കേന്ദ്ര ആഭ്യന്തരമന്ത്രിയായ ഷായുടെ തിരക്കുകള്‍ പരിഗണിച്ച് പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനാണ് വര്‍ക്കിങ് പ്രസിഡന്റിനെ നിയോഗിക്കുന്നത്.

മുന്‍ കേന്ദ്രമന്ത്രി ജെ.പി നഡ്ഡയാകും ആ സ്ഥാനത്തേക്കെന്നു കരുതിയിരുന്നെങ്കിലും ഷായുടെ വിശ്വസ്തനായ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് വര്‍ക്കിങ് പ്രസിഡന്റ് ആകാനാണു സാധ്യത കൂടുതലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വരുംമാസങ്ങളിലായി നടക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കണക്കിലെടുത്താണ് ഷാ തുടരണമെന്ന തീരുമാനത്തിലേക്ക് പാര്‍ട്ടിയെത്തിയത്. ഇന്നലെ ദല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി ഭാരവാഹികളുടെയും സംസ്ഥാന അധ്യക്ഷന്മാരുടെയും യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

രാജ്‌നാഥ് സിങ് കഴിഞ്ഞ മോദിസര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായപ്പോള്‍ പാര്‍ലമെന്ററി ബോര്‍ഡ് ചേര്‍ന്ന് ഷായെ അധ്യക്ഷനായി തെരഞ്ഞെടുത്തിരുന്നു. പിന്നീട് ദേശീയ കൗണ്‍സില്‍ ഇത് അംഗീകരിക്കുകയായിരുന്നു.

ഷാ കേന്ദ്രമന്ത്രിയായ സാഹചര്യത്തില്‍ ദേശീയ കൗണ്‍സില്‍ ചേരുന്നതു കാക്കാതെ പാര്‍ലമെന്റി ബോര്‍ഡിനു പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാമെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഷായുടെ നേതൃത്വത്തില്‍ നേരിടാമെന്ന് പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിരുന്നു.

അതേസമയം വര്‍ക്കിങ് പ്രസിഡന്റായി നിയമിതനായാല്‍ സ്വാഭാവികമായും ഷായുടെ പിന്‍ഗാമിയായി യാദവ് പാര്‍ട്ടിയുടെ തലപ്പത്ത് എത്തുമെന്നാണു കരുതുന്നത്. മുതിര്‍ന്ന നേതാവ് നഡ്ഡയ്ക്ക് ഇതോടെ സാധ്യതകള്‍ ഇല്ലാതാവുകയാണ്. ഓം മാഥുറിന്റെ പേരും നേരത്തേ പറഞ്ഞുകേട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഷായുടെയും വിശ്വസ്തരാണ് നഡ്ഡയും ഭൂപേന്ദ്ര യാദവും.

രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമായ ഭൂപേന്ദ്ര യാദവ് ഭരണഘടനാ തന്ത്രജ്ഞനാണ്. പത്ത് ശതമാനം സാമ്പത്തിക സംവരണം പാസാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. പാര്‍ട്ടി ജനറല്‍സെക്രട്ടറിയെന്ന നിലയില്‍ മോദിയുടെ ഗുജറാത്തിന്റെയും ബീഹാറിന്റെയും ചുമതല വഹിച്ചിട്ടുണ്ട്. അമിത്ഷായുടെ അടുത്ത അനുയായിയാണ്.

ഹിമാചലില്‍ നിന്നുള്ള രാജ്യസഭാ എം.പിയും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയുമായ നഡ്ഡ പാര്‍ട്ടിയുടെ തന്ത്രജ്ഞരില്‍ ഒരാളാണ്. തെരഞ്ഞെടുപ്പില്‍ യു.പിയുടെ ചുമതലക്കാരനായിരുന്നു. മഹാസഖ്യത്തെ പരാജയപ്പെടുത്തിയതും അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്താനായതും നഡ്ഡയ്ക്ക് അനുകൂലമാകുമെന്നു നേരത്തേ വിലയിരുത്തപ്പെട്ടിരുന്നു.

മോദിയുടെ അഭിമാന പദ്ധതികളായ ആയുഷ്മാന്‍ ഭാരത്, സുരക്ഷിത് മാതൃത്വ അഭിയാന്‍ എന്നിവയുടെ പിന്നണിയില്‍ നഡ്ഡയുണ്ടായിരുന്നു.

കഴിഞ്ഞമാസം അമിത് ഷായുടെ അധ്യക്ഷപദവിയുടെ കാലാവധി അവസാനിച്ചിരുന്നു. പിന്നീട് തെരഞ്ഞെടുപ്പിനു വേണ്ടി ആറുമാസം നീട്ടിനല്‍കുകയായിരുന്നു. അത് ഈ മാസം അവസാനിക്കുകയും ചെയ്യും.

We use cookies to give you the best possible experience. Learn more