| Saturday, 5th December 2020, 12:50 pm

അമിത് ഷായെ കൊണ്ടും നടന്നില്ല; പുതിയ തന്ത്രം മെനയാന്‍ മോദി; കര്‍ഷകപ്രതിഷേധത്തില്‍ തിരക്കിട്ട ചര്‍ച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധം തണുപ്പിക്കാനാവാതെ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കെ വിഷയത്തില്‍ നേരിട്ട് ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെക്കൊണ്ടും കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ കൊണ്ടും വിഷയത്തില്‍ പരിഹാരം കാണാന്‍ കഴിയാതെ വന്നതോടെയാണ് പ്രധാനമന്ത്രി മന്ത്രിമാരെ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചിരിക്കുന്നത്.

അമിത് ഷാ, രാജ്നാഥ് സിംഗ്, വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ എന്നിവരെയാണ് ഇന്ന് രാവിലെ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വസതിയിലേക്ക് വിളിപ്പിച്ചത്. ഇന്ന് കര്‍ഷക സംഘടനകളുമായി വീണ്ടും ചര്‍ച്ച നടക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ണായക യോഗം.

കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ബദല്‍ നിര്‍ദേശങ്ങള്‍ തേടി പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.

കാര്‍ഷിക നിയമത്തില്‍ ഭേദഗതി വരുത്താമെന്നായിരുന്നു നേരത്തെ നടത്തിയ ചര്‍ച്ചകളില്‍ കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഭേദഗതി കൊണ്ട് കാര്യമില്ലെന്നും നിയമം പിന്‍വലിച്ചേ മതിയാവൂ എന്നും കര്‍ഷകരും നിലപാടെടുത്തു. ഇനി പുതിയ ഏത് നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കാന്‍ പോകുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

കര്‍ഷകരും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച ഫലപ്രദമാകുമെന്നും അവരുടെ എല്ലാ ആശങ്കകളും പരിഹരിക്കപ്പെടുമെന്നുമാണ് കേന്ദ്രസഹമന്ത്രി
കൈലാഷ് ചൗധരി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

ഇന്നത്തെ കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും പ്രതിപക്ഷത്തുള്ള ചിലരാണ് കര്‍ഷകരെ ഇളക്കിവിടുന്നതെന്നും ഇന്നത്തെ യോഗത്തിന് ശേഷം കര്‍ഷകര്‍ പ്രതിഷേധം പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും കൈലാഷ് ചൗധരി പറഞ്ഞു.

കേന്ദ്രത്തിനെതിരെ കര്‍ഷകര്‍ സമരം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്ത് ദിവസമായി കര്‍ഷകര്‍ തെരുവില്‍ പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്. കേന്ദ്രവുമായി നിരവധി തവണ കര്‍ഷക പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും എല്ലാം ഫലം കാണാതെ അവസാനിക്കുകയായിരുന്നു.

തുടര്‍ന്ന് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡിസംബര്‍ അഞ്ചിന് വീണ്ടും ചര്‍ച്ച നടക്കാനിരിക്കെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശനിയാഴ്ച ദേശ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുമെന്നും സംഘടനകള്‍ അറിയിച്ചു.

ദിനംപ്രതി പ്രതിഷേധ സ്ഥലത്തേക്ക് കര്‍ഷകര്‍ കൂടുതല്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ എങ്ങനെയെങ്കിലും പ്രതിഷേധം ഒതുക്കിത്തീര്‍ക്കാനാണ് കേന്ദ്രവും ബി.ജെ.പിയും ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് കര്‍ഷകരുമായി തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Amit Shah, Rajnath Singh meet PM Modi ahead of talks with farmers

We use cookies to give you the best possible experience. Learn more