ഹൈദരാബാദ് ഭീകരരുടെ സുരക്ഷിത താവളമെന്ന് ആഭ്യന്തര സഹമന്ത്രി; താക്കീത് ചെയ്ത് അമിത് ഷാ
ന്യൂദല്‍ഹി: ഹൈദരാബാദ് ഭീകരരുടെ സുരക്ഷിത താവളമാണെന്ന് പറഞ്ഞ ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡിയെ താക്കീത് ചെയ്ത് അമിത് ഷാ. ഇന്ന് രാവിലെയാണ് കിഷന്‍ റെഡ്ഡി വിവാദ പരാമര്‍ശം നടത്തിയത്.
‘രാജ്യത്ത് പല സ്ഥലങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ബെംഗളൂരുവിലോ ഭോപ്പാലിലോ ഒരു തീവ്രവാദ ആക്രമണം നടന്നാല്‍ അതിന്റെ വേര് ഹൈദരാബാദിലാണെന്ന് കണ്ടെത്തും. ഓരോ രണ്ട് മാസം കൂടുമ്പോഴും സംസ്ഥാന പൊലീസും എന്‍.ഐ.എയും ഹൈദരാബാദില്‍ നിന്നും തീവ്രവാദികളെ പിടികൂടാറുണ്ട്’- ഇതായിരുന്നു കിഷന്‍ റെഡ്ഡിയുടെ പരാമര്‍ശം.
അതേസമയം, റെഡ്ഡിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി. ബി.ജെ.പി മുസ്‌ലീങ്ങളെ ലക്ഷ്യം വെക്കുകയാണെന്നും അവരോടുള്ള വെറുപ്പ് പ്രകടമാക്കുകയാണെന്നും ഒവൈസി പറഞ്ഞു.
‘ഞാന്‍ അദ്ദേഹത്തോട് ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എന്‍.ഐ.എയും ഐ.ബിയും റോയും എത്രതവണ ഹൈദരാബാദ് തീവ്രവാദികളുടെ ഒളിത്താവളമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന്’- ഒവൈസി ചോദിച്ചു.
അതേമസമയം, അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റു. രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രിയായും ചുമതലയേറ്റു. സഹ മന്ത്രിമാരായ നിത്യാനന്ദ റായ്, ജി. കിഷന്‍ റെഡ്ഡി എന്നിവര്‍ക്കൊപ്പമാണ് അമിത് ഷാ ചുമതലയേല്‍ക്കാന്‍ എത്തിയത്.
അതിനിടെ, മോദി മന്ത്രിസഭയില്‍ ബംഗാളിന് അര്‍ഹിക്കുന്ന പ്രാതിനിധ്യം കിട്ടിയില്ലെന്ന പരാതിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് രംഗത്തുവന്നിരുന്നു. ബംഗാളില്‍ ബി.ജെ.പി ഇത്തവണ വന്‍മുന്നേറ്റമുണ്ടാക്കിയിട്ടും അര്‍ഹമായ പരിഗണന കേന്ദ്ര മന്ത്രിസഭയില്‍ ലഭിച്ചില്ലെന്നാണ് ദിലീപ് ഘോഷിന്റെ പരാതി. ബാബുല്‍ സുപ്രിയോയും ദേബശ്രീ ചൗധരിയുമാണ് ബംഗാളില്‍ നിന്ന് കേന്ദ്ര മന്ത്രിസഭയില്‍ അംഗങ്ങളായത്.