1947ല്‍ മോദിയായിരുന്നു പ്രധാനമന്ത്രി എങ്കില്‍ കര്‍താര്‍പൂര്‍ സാഹിബും നന്‍കാന സാഹിബും പാകിസ്ഥാന്റെ ഭാഗമാകുമായിരുന്നില്ല: അമിത് ഷാ
national news
1947ല്‍ മോദിയായിരുന്നു പ്രധാനമന്ത്രി എങ്കില്‍ കര്‍താര്‍പൂര്‍ സാഹിബും നന്‍കാന സാഹിബും പാകിസ്ഥാന്റെ ഭാഗമാകുമായിരുന്നില്ല: അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th February 2022, 7:58 am

ചണ്ഡിഗഢ്: നരേന്ദ്ര മോദി ആയിരുന്നു 1947ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി എങ്കില്‍, സിഖ് ഗുരുദ്വാരകളായ കര്‍താര്‍പൂര്‍ സാഹിബും നന്‍കാന സാഹിബും ഇന്നും ഇന്ത്യയുടെ ഭാഗമായി തുടര്‍ന്നേനെ എന്ന പ്രസ്താവനയുമായി ആഭ്യന്തര മന്ത്രി അമിത് ഷാ.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫിറോസ്പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

”ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്ത് നരേന്ദ്ര മോദി ആയിരുന്നു ഇവിടത്തെ പ്രധാനമന്ത്രി എങ്കില്‍ കര്‍താര്‍പൂര്‍ സാഹിബ്, നന്‍കാന സാഹിബ് എന്നിവ ഇന്ത്യയുടെ ഭാഗമായി തന്നെ നിന്നേനെ, പാകിസ്ഥാനിലേക്ക് പോകില്ലായിരുന്നു,” അമിത് ഷാ പറഞ്ഞു.

ഗുരു നാനാക് ദേവിന്റെ അന്ത്യവിശ്രമ സ്ഥലമാണ് കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാര പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഏറെക്കാലമായുള്ള കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി എന്ന ആവശ്യം നരേന്ദ്ര മോദി സര്‍ക്കാരാണ് പൂര്‍ത്തീകരിച്ചതെന്നും ഷാ വാദിച്ചു.

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്കെതിരെയും അമിത് ഷാ റാലിയില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു. കഴിഞ്ഞ മാസം പഞ്ചാബിലെത്തിയ മോദിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞ സംഭവം മുന്‍നിര്‍ത്തിയായിരുന്നു വിമര്‍ശനം.

പ്രധാനമന്ത്രിക്കുള്ള വഴിയൊരുക്കാന്‍ പോലും കഴിയാത്ത മുഖ്യമന്ത്രിയാണ് ചന്നി എന്നായിരുന്നു അമിതാ ഷാ പറഞ്ഞത്. കോണ്‍ഗ്രസുകാര്‍ മനപൂര്‍വം പ്രധാനമന്ത്രിയുടെ യാത്ര തടയുകയായിരുന്നെന്നും ഷാ ആരോപിച്ചു.

ജനുവരിയിലായിരുന്നു പടിഞ്ഞാറന്‍ പഞ്ചാബിലെ ഫിറോസ്പൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞത്. ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്‌ളൈഓവറില്‍ വെച്ച് മോദിയുടെ വാഹനം കര്‍ഷകര്‍ തടയുകയായിരുന്നു.

ഇതിനെത്തുടര്‍ന്ന് 20 മിനിറ്റോളം പ്രധാനമന്ത്രിയും സംഘവും ഫ്‌ളൈഓവറില്‍ കുടുങ്ങിയിരുന്നു. തുടര്‍ന്ന് പഞ്ചാബില്‍ നടത്താനിരുന്ന മോദിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കുകയായിരുന്നു.


Content Highlight: Amit Shah says if Modi been PM in 1947, Kartarpur and Nankana Sahib would be in India