| Thursday, 10th December 2020, 8:33 pm

നദ്ദയ്‌ക്കെതിരായ ആക്രമണം അന്വേഷിക്കാന്‍ ഉത്തരവിട്ട് അമിത് ഷാ; ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദയ്‌ക്കെതിരെ ബംഗാളില്‍ ആക്രമണമുണ്ടായ സംഭവത്തില്‍ വിശദമായ അന്വേഷണത്തിനുത്തരവിട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് ഗവര്‍ണറോട് വിശദമായ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.

ബംഗാള്‍ ഭരണകൂടം രണ്ട് റിപ്പോര്‍ട്ടുകളും 12 മണിക്കൂറിനുള്ളില്‍ സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്. സംസ്ഥാനം പൂര്‍ണമായും അധാര്‍മികതയിലേക്കും അരാജകത്വത്തിലേക്കും പതിച്ചുവെന്ന ബി.ജെ.പിയുടെ ആരോപണത്തിന് പിന്നാലെയാണ് അമിത് ഷായുടെ നടപടി.

പശ്ചിമബംഗാള്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ജെ.പി നദ്ദക്കെതിരെ കരിങ്കൊടി പ്രയോഗവും വാഹനത്തിന് നേരെ കല്ലേറുമുണ്ടായത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് സംസ്ഥാന ബി.ജെ.പി നേതൃത്വം.

ബി.ജെ.പി നേതാക്കള്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ നദ്ദയുടെ അകമ്പടി വാഹനത്തിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

ഇഷ്ടികകൊണ്ടാണ് കാറിന് നേരെ ചിലര്‍ എറിഞ്ഞതെന്നും ആക്രമണത്തില്‍ കാറിന്റെ ചില്ല് തകര്‍ന്നെന്നും ഇവര്‍ പറഞ്ഞു.

നദ്ദയുടെ സന്ദര്‍ശനത്തിനിടെ പാര്‍ട്ടി ഓഫീസിന് പുറത്ത് തടിച്ചുകൂടിയ ഒരു ജനക്കൂട്ടം വടികളും ആയുധങ്ങളുമായി നിലയുറപ്പിച്ചിരുന്നെന്നുമാണ് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചത്.

ആറുമാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചരണത്തിനായാണ് നദ്ദ എത്തിയത്. ജെ.പി നദ്ദയുടെ യാത്രയിലുടനീളം ചിലര്‍ അദ്ദേഹത്തെ കരിങ്കൊടി കാണിച്ചിരുന്നു.

നദ്ദയുടെ സംസ്ഥാന സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായെന്നും അദ്ദേഹത്തിന്റെ പരിപാടികളില്‍ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നില്ലെന്നും വിഷയത്തില്‍ അമിത് ഷായ്ക്കും കേന്ദ്രനേതൃത്വത്തിനും കത്തെഴുതിയിട്ടുണ്ടെന്നുമാണ് ദിലീപ് ഘോഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ബി.ജെ.പി ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ കയറി ചിലര്‍ പാര്‍ട്ടി ഓഫീസിനകത്തേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചെന്നും ഘോഷ് പറഞ്ഞു.

‘കൊല്‍ക്കത്തയിലെ ഹേസ്റ്റിംഗ്‌സിലെ ഞങ്ങളുടെ പാര്‍ട്ടി ഓഫീസിന് പുറത്ത് 200 ആളുകളാണ് കരിങ്കൊടിയുമായി നിലയുറപ്പിച്ചത്. അവരില്‍ ചിലര്‍ ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ കയറി മുദ്രാവാക്യം വിളിച്ചു.

അവരെ തടയാന്‍ പൊലീസ് ഇടപെട്ടില്ല. നദ്ദ ജി യുടെ വാഹനത്തിന്റെ അടുത്ത് വരെ എത്തിയിട്ടും പൊലീസ് അവരെ തടഞ്ഞില്ലെന്നും ദിലീപ് ഘോഷ് ആരോപിച്ചു.

അതേസമയം നദ്ദയ്ക്കെതിരായ ആക്രമണം ബി.ജെ.പിയ്ക്കാര്‍ തന്നെ ആസൂത്രണം ചെയ്തതാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. മമതാ സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ പ്രോഗസ് റിപ്പോര്‍ട്ട് പുറത്തിറക്കുന്ന ദിവസം തന്നെ ആക്രമണമുണ്ടായത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണെന്ന് മുതിര്‍ന്ന തൃണമൂല്‍ നേതാവ് സുബ്രത മുഖര്‍ജി പറഞ്ഞു.

‘നദ്ദ പറയുന്നത് അദ്ദേഹത്തെ ആക്രമിച്ചു എന്നാണ്. എന്നാല്‍ ഞങ്ങള്‍ക്ക് കിട്ടിയ വിവരമനുസരിച്ച് പ്രകോപനമുണ്ടായത് അദ്ദേഹത്തിന്റേയും ബി.ജെ.പിയ്ക്കാരുടേയും പക്കല്‍ നിന്നാണെന്നാണ്. എല്ലാം ആസൂത്രണം ചെയ്തത് ബി.ജെ.പിയാണ്’, സൗമിത്ര മുഖര്‍ജി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Amit Shah Orders Probe Into Attack On BJP Chief’s Convoy In Bengal

We use cookies to give you the best possible experience. Learn more