|

അവിശ്വാസ പ്രമേയം ജനങ്ങളെ ആശയകുഴപ്പത്തിലാക്കാന്‍; ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയെ വിശ്വാസമുണ്ട്: അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണ് പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷം യഥാര്‍ത്ഥ പ്രശ്‌നം ഉന്നയിച്ചിട്ടില്ലെന്നും അവിശ്വാസ പ്രമേയം അത് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസ പ്രമേയം ശ്രദ്ധ തിരിക്കല്‍ തന്ത്രം മാത്രമാണെന്നും കള്ളങ്ങള്‍ കുത്തിനിറച്ചതാണെന്നും അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ അമിത് ഷാ വിമര്‍ശിച്ചു.

‘ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും ഒരു അവിശ്വാസവുമില്ല, ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നിരിക്കുന്നത്,’ അമിത് ഷാ പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം ഭൂരിഭാഗം ജനങ്ങളുടെയും വിശ്വാസം നേടിയത് മോദി സര്‍ക്കാര്‍ മാത്രമാണെന്നും അദ്ദേഹം ജനപ്രിയ നേതാവാണെന്നും അമിത് ഷാ പറഞ്ഞു.

‘സ്വാതന്ത്ര്യത്തിന് ശേഷം, ഭൂരിഭാഗം ജനങ്ങളുടെയും വിശ്വാസം നേടിയത് മോദി സര്‍ക്കാര്‍ മാത്രമാണ്. ജനപ്രിയ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങള്‍ക്കായി അക്ഷീണനായാണ് മോദി പ്രവര്‍ത്തിക്കുന്നത്. അവധി പോലും എടുക്കാതെ തുടര്‍ച്ചയായി ഒരു ദിവസം 17 മണിക്കൂറാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കും,’ ഷാ പറഞ്ഞു. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ 50 ചരിത്രപരമായ തീരുമാനങ്ങളാണ് എടുത്തിട്ടുണ്ടിയിരുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

‘എന്തുകൊണ്ടാണ് ജന്‍ ധന്‍ യോജനയെ അവര്‍ (യു.പി.എ) എതിര്‍ക്കുന്നതെന്ന് വ്യക്തമാണ്, പാവപ്പെട്ടവര്‍ക്കായി കേന്ദ്രം ഒരു രൂപ അയക്കുമ്പോള്‍ 15 പൈസ മാത്രമാണ് അവരിലേക്ക് എത്തിചേരുന്നതെന്നായിരുന്നു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് മുഴുവന്‍ പണവും പാവപ്പെട്ടവരിലേക്ക് എത്തിചേരുന്നു,’ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി അഴിമതിയും കുടുംബവാഴ്ചയും അവസാനിപ്പിച്ചെന്നും അമിത് ഷാ പറഞ്ഞു. ‘യു.പി.എ അധികാരം സംരക്ഷിക്കാനാണ് നോക്കാറ്, എന്നാല്‍ എന്‍.ഡി.എ തത്വങ്ങള്‍ സംക്ഷിക്കാനായാണ് പോരാടുന്നത്. സര്‍ക്കാരിനെ സംരക്ഷിക്കാന്‍ അഴിമതിയില്‍ ഏര്‍പ്പെടലാണ് യു.പി.എയുടെ സ്വഭാവം,’ അമിത് ഷാ പറഞ്ഞു.

അതേസമയം, മോദി വിചാരിക്കുന്നത് മണിപ്പൂര്‍ ഇന്ത്യയിലല്ലെന്നാണെന്നും, പ്രധാനമന്ത്രി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ലെന്നുമടക്കമുള്ള കടുത്ത വിമര്‍ശനമാണ് രാഹുല്‍ അവിശ്വാസ പ്രസംഗത്തില്‍ ഉന്നയിച്ചത്. മണിപ്പൂര്‍ ഇപ്പോള്‍ രണ്ടായിരിക്കുകയാണെന്നും ബി.ജെ.പി രാജ്യസ്‌നേഹികളല്ല രാജ്യദ്രോഹികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘മണിപ്പൂര്‍ ഇപ്പോള്‍ രണ്ടായിരിക്കുകയാണ്. ഞാന്‍ മണിപ്പൂര്‍ സന്ദര്‍ശിക്കുകയും ജനങ്ങളുമായി സംസാരിക്കുകയും ചെയ്തു. പ്രധാനമന്ത്രി മണിപ്പൂരില്‍ പോയോ? അദ്ദേഹം മണിപ്പൂരിലുള്ളവരോട് സംസാരിക്കാന്‍ തയ്യാറാകുന്നില്ല. മണിപ്പൂരില്‍ കൊല്ലപ്പെട്ടത് ഭാരത മാതാവാണ്. ഇന്ത്യയുടെ ശബ്ദം കേട്ടില്ലെങ്കില്‍ മോദി പിന്നെ ആരെ കേള്‍ക്കും,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാന മന്ത്രി രാവണനെ പോലെയാണെന്നും അദ്ദേഹം കേള്‍ക്കുന്നത് അമിത് ഷായെയും ഗൗതം അദാനിയെയുമാണ്, ഭാരതത്തെയല്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Content Highlights: Amit shah On no confidence motion

Latest Stories