| Saturday, 21st January 2023, 10:29 am

ജമ്മു കശ്മീര്‍ സമാധാനത്തിന്റെ പാതയില്‍; ഇടതുപക്ഷ ഭീകരതയെ മെരുക്കുന്നതില്‍ വിജയം നേടി: അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ ഇപ്പോള്‍ സമാധാനത്തിന്റെയും സ്ഥിരതയുടെയും പാതയിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടുവെന്നും ഇടതുപക്ഷ ഭീകരതയെ മെരുക്കിയെടുക്കുന്നതില്‍ സര്‍ക്കാര്‍ വലിയ വിജയം നേടിയെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് ഡി.ജി.പിമാരുടെയും ഐ.ജിമാരുടെയും ത്രിദിന ഓള്‍ ഇന്ത്യ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

”മുമ്പ് ജമ്മു കശ്മീരില്‍ നിന്നുള്ള കുട്ടികള്‍ പഠനത്തിനായി സ്വന്തം നാട് വിട്ടുപോകുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാലിന്ന്, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള 32,000 കുട്ടികള്‍ ഇവിടെ വന്ന് പഠിക്കുന്നു.

അത് ഇവിടത്തെ ജനങ്ങളുടെയും രാജ്യത്തിന്റെയും വിശ്വാസം വര്‍ധിപ്പിച്ചു. കഴിഞ്ഞ 70 വര്‍ഷത്തേക്കാള്‍ കൂടുതലാണ് കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ ജമ്മു കശ്മീരില്‍ വന്ന നിക്ഷേപം.

മുമ്പ്, പ്രശ്‌നങ്ങള്‍ ഭൂമിശാസ്ത്രപരമായിരുന്നു. എന്നാല്‍ ഇന്നത് സൈബര്‍ സുരക്ഷയും ഡാറ്റാ സുരക്ഷയുമാണ്. പ്രശ്നങ്ങളും മള്‍ട്ടി ഡയമന്‍ഷണലായി മാറിയിരിക്കുന്നു,” അമിത് ഷാ പറഞ്ഞു.

രാജ്യത്തെ ഇന്റലിജന്‍സ് സെക്യൂരിറ്റി ഏജന്‍സികളെ പ്രശംസിച്ചുകൊണ്ട് പരിപാടിയില്‍ സംസാരിച്ച ഷാ ഇന്ത്യയിലെ സമ്പദ്‌വ്യവസ്ഥ ‘മുന്നോട്ട് കുതിക്കുന്ന’തിനെ കുറിച്ചും പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

”ഇന്ത്യയെ ഇനി പിന്നോട്ടുവലിക്കാന്‍ കഴിയില്ലെന്ന സത്യം ലോകം മുഴുവന്‍ അംഗീകരിച്ചിരിക്കുന്നു. 2027ഓടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി അടുത്തിടെ ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

സര്‍വേയുടെ മാത്രമല്ല, നമ്മുടെ ട്രാക്ക് റെക്കോര്‍ഡിന്റെ കൂടി അടിസ്ഥാനത്തിലാണ് ഞാനിത് പറയുന്നത്. 2014ല്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥ 11ാം സ്ഥാനത്തായിരുന്നു. എന്നാല്‍ 2014 മുതല്‍ 2023 ജനുവരി വരെയുള്ള കാലയളവില്‍ നമ്മള്‍ 11ല്‍ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു.

ആഭ്യന്തര സുരക്ഷയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍, നിരവധി പ്രതിസന്ധികള്‍ക്കിടയിലും രാജ്യത്ത് സമാധാനം നിലനിര്‍ത്തുന്നതില്‍ നമ്മള്‍ വലിയതോതില്‍ വിജയിച്ചു.

ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങള്‍ എന്നിവയായിരുന്നു മൂന്ന് ഹോട്‌സ്പോട്ടുകള്‍. എന്നാല്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു. നമ്മള്‍ ശരിയായ പാതയിലാണെന്നാണ് ഇത് കാണിക്കുന്നത്.

ഇടതുപക്ഷ ഭീകരതയെ മെരുക്കിയെടുക്കുന്നതില്‍ നാം വലിയ വിജയം നേടിയിരിക്കുന്നു. 2010ല്‍ 96 ഭീകരവാദ ബാധിത ജില്ലകളുണ്ടായിരുന്നെങ്കില്‍ ഇന്നത് വെറും 46 മാത്രമാണ്. ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിലും അക്രമങ്ങള്‍ 40-60 ശതമാനം വരെ കുറഞ്ഞു,” എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞത്.

Content Highlight: Amit Shah on Jammu and Kashmir and Left wing terrorism

We use cookies to give you the best possible experience. Learn more