ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ അതിര്‍ത്തികടന്ന് ഒരു പക്ഷിപോലും ഇവിടേക്കു പറക്കില്ല: അമിത് ഷാ
Daily News
ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ അതിര്‍ത്തികടന്ന് ഒരു പക്ഷിപോലും ഇവിടേക്കു പറക്കില്ല: അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th April 2016, 9:53 am

amithshaഗുവാഹത്തി: അസമിലെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റത്തിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. അസമില്‍ ബി.ജെ.പി അധികാരത്തില്‍വന്നാല്‍ ഒരു പക്ഷിപോലും ഇവിടേക്കു പറക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

അനധികൃത കുടിയേറ്റക്കാര്‍ക്ക് മുമ്പില്‍ വാതില്‍ തുറന്നുകൊടുക്കുകയാണ് കോണ്‍ഗ്രസിന്റെ തരുണ്‍ ഗൊഗോയി ചെയ്തിരിക്കുന്നത്. വോട്ടുബാങ്കായി ഇവരെ ഉപയോഗിക്കാന്‍ വേണ്ടിയാണിത്.

“ഈ കുടിയേറ്റക്കാര്‍ ആസാമി യുവാക്കളുടെ ജോലി തട്ടിയെടുത്തു.. വേണമെന്നു വെച്ചിരുന്നെങ്കില്‍ 50 വര്‍ഷത്തെ ഭരണത്തിനിടെ തരുണ്‍ ഗൊഗോയിക്കും കോണ്‍ഗ്രസിനും ഈ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാമായിരുന്നു. കേന്ദ്രത്തിലെ മോദി സര്‍ക്കാരും ആസാമില്‍ ബി.ജെ.പി സര്‍ക്കാര്‍ വരികയും ചെയ്താല്‍ അതിര്‍ത്തി കടന്ന് ഒരു പക്ഷിപോലും ഇവിടേക്കു വരില്ല.” അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ രണ്ടുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വ്യക്തമാക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷയുടെ വെല്ലുവിളിയെയും ഷാ പരിഹസിച്ചു. “സോണിയാജി, ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പല്ല, ആസാം നിയമസഭാ തെരഞ്ഞെടുപ്പാണ്. ഞങ്ങള്‍ 2019 ഇവിടെ വരുമ്പോള്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ കണക്കുതരാം.” ഷാ പറഞ്ഞു.