അമിത്ഷാ മന്ത്രിസഭയിലേക്ക്; ധനമന്ത്രിയായേക്കും :ബി.ജെ.പി ദേശീയാധ്യക്ഷനായി ജെ.പി നഡ്ഡാ ?
D' Election 2019
അമിത്ഷാ മന്ത്രിസഭയിലേക്ക്; ധനമന്ത്രിയായേക്കും :ബി.ജെ.പി ദേശീയാധ്യക്ഷനായി ജെ.പി നഡ്ഡാ ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th May 2019, 5:32 pm

ന്യൂദല്‍ഹി: ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാ മന്ത്രിസഭയിലേക്ക്. അമിത്ഷാ ധനമന്ത്രിയായി ചുമതലയേറ്റേക്കാമെന്നാണ് റിപ്പോര്‍ട്ട്.അതേസമയം ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് ജെ.പി നഡ്ഡാ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

മന്ത്രിസഭാ രൂപീകരണത്തിന് വേണ്ടിയുള്ള അന്തിമ ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുകയാണ്. മന്ത്രിമാരെക്കുറിച്ചുള്ള തീരുമാനം ഇന്ന് രാത്രിയോടെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ടാണ് മന്ത്രിപദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ ദല്‍ഹിയിലേക്ക് ക്ഷണിക്കുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ബബൂല്‍ സൂപ്രീയോയും പ്രകാശ് ജാവേദ്ക്കറിനേയും നിര്‍മല സീതാരാമനേയും അമിത് ഷാ ദല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

ഇന്ന് വൈകീട്ട് ഏഴുമണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 7000 പേര്‍ക്കാണ് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും നിരവധി മുഖ്യമന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്,പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി,കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ചത്തീസ്ഗണ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍, എന്നിവരാണ് മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍.

അതേസമയം രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പങ്കെടുത്തേക്കുമെന്നാണ് അറിയുന്നത്.