അദ്വാനിയെയും ജോഷിയെയും അനുനയിപ്പിക്കാന്‍ അമിത് ഷാ; നേരിട്ടുകണ്ട് കാരണങ്ങള്‍ വിശദീകരിക്കാന്‍ ശ്രമം
ന്യൂദല്‍ഹി: സീറ്റ് നല്‍കാത്തതിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നേരില്‍ക്കണ്ടു. ഇന്ന് പാര്‍ട്ടിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനപത്രിക പുറത്തുവിട്ടു മണിക്കൂറുകള്‍ക്കകമായിരുന്നു ഷാ ഇരുവരെയും കണ്ടത്.
ഇരുവരും സീറ്റ് നിഷേധിക്കപ്പെട്ടതിനാല്‍ കടുത്ത അതൃപ്തിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. പ്രകടനപത്രിക പുറത്തിറക്കുന്നതിനു മുമ്പ് ഇരുവരെയും കണ്ട് പത്രികയുടെ പകര്‍പ്പുകള്‍ ഷാ നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അതു സംഭവിച്ചില്ല.
75 വയസ്സിനു മുകളിലുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാത്തതിന്റെ കാരണങ്ങള്‍ വിശദീകരിക്കാനും അവരെ അനുനയിപ്പിക്കാനും നടന്ന കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
91-കാരനായ അദ്വാനിയുടെ ഗാന്ധിനഗര്‍ സീറ്റില്‍നിന്ന് ഇത്തവണ മത്സരിക്കുന്നത് അമിത് ഷായാണ്. ആറുവട്ടം ഗാന്ധിനഗറില്‍ മത്സരിച്ചത് അദ്വാനിയാണ്. ജോഷിയെ കാണ്‍പുരില്‍ നിന്നാണ് ഒഴിവാക്കിയത്.
ഇത്തരമൊരു തീരുമാനമെടുക്കുമ്പോള്‍ തങ്ങളെ നേരിട്ടറിയിച്ചിരുന്നില്ല എന്ന പരാതിയാണ് ഇരുനേതാക്കള്‍ക്കുമുള്ളത്.
ആഴ്ചകളായി പൊതുപരിപാടിക്കു പോകാതിരുന്ന അദ്വാനി കഴിഞ്ഞയാഴ്ച തന്റെ ബ്ലോഗ് വഴിയാണു പ്രതികരിച്ചത്. പാര്‍ട്ടിയെ വിമര്‍ശിക്കുന്നവരെ ദേശദ്രോഹികളായി പാര്‍ട്ടി ചിത്രീകരിക്കില്ലെന്നായിരുന്നു അദ്ദേഹമെഴുതിയത്.
അതേസമയം ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നു കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. തന്റെ സിറ്റിങ് സീറ്റായ ഇന്‍ഡോറിലെ സ്ഥാനാര്‍ഥിയെ പാര്‍ട്ടി പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.