| Wednesday, 4th July 2018, 8:36 am

പാര്‍ട്ടി നല്‍കിയ പദവികള്‍ ദുരുപയോഗം ചെയ്തു; ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാര്‍ട്ടി നല്‍കിയ പദവികളും ഉത്തരവാദിത്തങ്ങളും നേതാക്കള്‍ ദുരുപയോഗം ചെയ്തതായി അമിത് ഷാ കുറ്റപ്പെടുത്തി.

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി സ്ഥാനമേറ്റടുത്തതിനു ശേഷം ബി.ജെ.പിയില്‍ ഉടലെടുത്ത പാര്‍ട്ടി അധ്യക്ഷസ്ഥാനം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് അമിത് ഷായുടെ വരവോടെയും പരിഹാരമായില്ല. പാര്‍ട്ടി അധ്യക്ഷനെ അമിത് ഷാ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.

ബി.ജെ.പി സംസ്ഥാന നേതാക്കളുമായി നടത്തിയ കോര്‍ കമ്മിറ്റി ചര്‍ച്ചയിലാണ് അമിത് ഷാ സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി വ്യക്തമാക്കിയത്. സംസ്ഥാനത്തിലെ അടുത്ത പാര്‍ട്ടി അധ്യക്ഷന്‍ ആരാകുമെന്നതിനെപ്പറ്റി മീറ്റിങ്ങില്‍ ചര്‍ച്ചകള്‍ ഉണ്ടായില്ല.


Also Read: രാജീവ് രവിയുടെയും ആഷിഖ് അബുവിന്റെയും നേതൃത്വത്തില്‍ പുതിയ സംഘടനയ്ക്ക് കളമൊരുങ്ങുന്നു


കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കിയതും അല്‍ഫോന്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയതും വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ സംസ്ഥാന നേതൃത്വത്തിന് സാധിച്ചില്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.

കേന്ദ്രം കേരളത്തിനു നല്‍കിയ സാമ്പത്തിക സഹായങ്ങളും മറ്റു പ്രത്യേക പരിഗണനകളും ജനങ്ങളിലെത്തിക്കാന്‍ സംസ്ഥാന നേതാക്കള്‍ക്കായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാര്‍ട്ടിയ്ക്കകത്തും പുറത്തുമായി നടന്ന സ്ഥാനതര്‍ക്കങ്ങളിലും ഉള്‍പ്പോരുകളിലും കടുത്ത അതൃപ്തി അറിയിച്ച അദ്ദേഹം അച്ചടക്കലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഗ്രൂപ്പിസം നിലനിര്‍ത്തിക്കൊണ്ടു തന്നെ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു അമിത് ഷായുടെ നിര്‍ദ്ദേശം.


Also Read: അഭീ…ഇന്ന് നിന്റെ ടീമിന്റെ കളിയുണ്ടെടാ…കാണാന്‍ നീയില്ല, നിന്റെ ടീം ജയിക്കണം അത് കണ്ടെങ്കിലും ഞങ്ങള്‍ക്ക് സന്തോഷിക്കാലോ; കൊല്ലപ്പെട്ട അഭിമന്യുവിന്റെ കൂട്ടുകാരന്റെ ഹൃദയഭേദകമായ കുറിപ്പ്


രാത്രി വൈകി ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ തങ്ങളോടു അഭിപ്രായം ആരായാതെ കുമ്മനം രാജശേഖരനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയതിലുള്ള അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത അധ്യക്ഷന്‍ ആരാകണമെന്ന വിഷയത്തില്‍ ആര്‍.എസ്.എസ് നേതൃത്വവുമായി അമിത് ഷാ ചര്‍ച്ച നടത്തിയതായാണ് സൂചനകള്‍.

2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും വിജയസാധ്യതയുള്ള 11 മണ്ഡലങ്ങളുണ്ടെന്നും അവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോര്‍ കമ്മിറ്റി ചര്‍ച്ചയില്‍ അമിത് ഷാ ആവശ്യപ്പെട്ടു. ഈ മണ്ഡലങ്ങളുടെ ചുമതല ദേശീയനേതാക്കള്‍ക്കായിരിക്കും. കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളുടെയും ചുമതല ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവുവിനായിരിക്കും.

We use cookies to give you the best possible experience. Learn more