'വെറുപ്പിന്റെ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്നത് അമിത് ഷാ'; ആഭ്യന്തരമന്ത്രിക്ക് ആകെ അറിയുന്നത് വിദ്വേഷം മാത്രമെന്ന് അജോയ് കുമാര്‍
Delhi election 2020
'വെറുപ്പിന്റെ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്നത് അമിത് ഷാ'; ആഭ്യന്തരമന്ത്രിക്ക് ആകെ അറിയുന്നത് വിദ്വേഷം മാത്രമെന്ന് അജോയ് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd February 2020, 11:25 am

ന്യൂദല്‍ഹി: വിദ്വേഷവും കലാപവും മാത്രമാണ് ബി.ജെ.പിക്ക് കൈമുതലായിട്ടുള്ളതെന്ന് ആംആദ്മി നേതാവും എം.പിയുമായ അജോയ് കുമാര്‍. ദല്‍ഹിയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഷാഹിന്‍ബാഗ് പ്രതിഷേധക്കാര്‍ക്കെതിരായ മുദ്രാവാക്യങ്ങളാണെന്നും അജോയ്കുമാര്‍ പറഞ്ഞു.

‘ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഷാഹിന്‍ ബാഗിനെതിരെ തിരിഞ്ഞിരിക്കുകയാണ്. വോട്ടര്‍മാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് അവരുടെ ശ്രമം. അവര്‍ക്ക് അത് മാത്രമേ അറിയൂ എന്നതാണ് ഇതിന്റെ കാരണം. ദല്‍ഹിയിലെ ജനങ്ങള്‍ കഴിഞ്ഞ 15 വര്‍ഷങ്ങളായി ബി.ജെ.പി എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് നേരിട്ട് കാണുന്നുണ്ട്. പ്രത്യേകിച്ചും കോര്‍പറേഷന്‍ ഭരണത്തിലും മറ്റും’, അജോയ് കുമാര്‍ പറഞ്ഞു. ഡക്കാന്‍ ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം.

‘വിദ്വേഷമല്ലാതെ അമിത് ഷായ്ക്ക് മറ്റൊന്നും അറിയില്ല. വികസനം എന്താണെന്നുപോലും അദ്ദേഹത്തിന് അറിയില്ല. ആദ്യമൊക്കെ സ്‌കൂളുകളെക്കുറിച്ചും വികസനത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ അതിനൊന്നും വലിയ വിലയില്ലെന്ന് അദ്ദേഹം എളുപ്പം മനസിലാക്കി. വെറുപ്പ് മാത്രമാണ് അദ്ദേഹത്തിന് വശമുള്ളത്. വെറുപ്പിലൂന്നി പ്രചരണം കൊഴുപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അദ്ദേഹമാണതിന് നേതൃത്വം കൊടുക്കുന്നതും. അദ്ദേഹത്തിന് മറ്റെന്തെങ്കിലും അറിയാമെന്ന് എനിക്ക് തോന്നുന്നില്ല. ഈ സമവാക്യം മാറ്റാനാണ് ഞങ്ങള്‍ നിരന്തരം ശ്രമിക്കുന്നത്. വികസനത്തെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്’, അജോയ് കുമാര്‍ പറഞ്ഞു.

ആംആദ്മി പാര്‍ട്ടി ഷാഹിന്‍ ബാഗിലേയും ഷാലിമാര്‍ ബാഗിലേയും സംഘം ബാഗിലേയും ബുരാരിയിലേയും ജനങ്ങള്‍ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നെന്നും അജോയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ദല്‍ഹി ജനങ്ങള്‍ക്കൊപ്പമാണ് ആംആദ്മി പാര്‍ട്ടിയെന്നും അതില്‍ മാറ്റമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ