| Sunday, 23rd January 2022, 8:03 am

ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചുനല്‍കുമെന്ന് ഞാന്‍ വാക്ക് നല്‍കിയതാണ്; ആശങ്കകള്‍ സൃഷ്ടിക്കുന്നവരെ നിശബ്ദരാക്കും: അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജമ്മു: ജമ്മു – കശ്മീര്‍ വിഷയത്തില്‍ പുതിയ പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തിയാല്‍ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്.

ഗുഡ് ഗവേണന്‍സ് ഇന്‍ഡക്‌സ് എന്ന പദ്ധതിയുടെ ഓണ്‍ലൈന്‍ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ജമ്മു കശ്മീരിലെ ജനങ്ങളുടെ മനസില്‍ ആശങ്കകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ നിശബ്ദരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘പലരും പലതും പറഞ്ഞു നടക്കുന്നുണ്ട്. പക്ഷെ ഞാനൊരു കാര്യം വ്യക്തമായി പറയാം, ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് ഞാന്‍ പാര്‍ലമെന്റില്‍ ഉറപ്പ് നല്‍കിയതാണ്. ഇതിനെതിരെ ആളുകള്‍ പറഞ്ഞു നടക്കുന്ന ചതിക്കുഴികളില്‍ വീഴരുത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിന് പ്രഥമ പരിഗണനയാണ് നല്‍കുന്നത്. ജമ്മു കശ്മീരിനെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്,’ അമിത് ഷാ പറഞ്ഞു.

2019 ആഗസ്റ്റില്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയാണ് ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ചത്. ജമ്മു – കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് പ്രദേശങ്ങളായി വിഭജിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇവിടെ കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണം നടന്നത്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരെയും കേന്ദ്ര ഭരണ പ്രദേശങ്ങളായി പ്രഖ്യാപിച്ചതിനെതിരെയും വലിയ വിമര്‍ശനം അന്നുതന്നെ ഉയര്‍ന്നിരുന്നു. 2019 ആഗസ്റ്റ് മുതല്‍ കശ്മീരില്‍ വിവിധ ഘട്ടങ്ങളിലായി കേന്ദ്രം ഏര്‍പ്പെടുത്തിയ നിയന്ത്രണ നടപടികളും ഇന്റര്‍നെറ്റ് നിരോധനവും രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയതും അന്താരാഷ്ട്ര തലങ്ങളില്‍ നിന്നുവരെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

കേന്ദ്ര നടപടി കശ്മീരിനെ വിവിധ തലങ്ങളില്‍ ദോഷകരമായാണ് ബാധിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരം വിമര്‍ശനങ്ങളോടുള്ള പ്രതികരണമെന്ന നിലയിലായിരുന്നു വികസനം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, വിനോദസഞ്ചാരം, തൊഴിലില്ലായ്മ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അമിത് ഷാ സംസാരിച്ചത്.

ജമ്മു കശ്മീരില്‍ തീവ്രവാദ ആക്രമണങ്ങളില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നും വികസന പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചിരിക്കുകയാണെന്നുമാണ് അമിത് ഷായുടെ വാദം. ജനാധിപത്യത്തെ ഏറ്റവും താഴേത്തട്ടില്‍ വരെ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകഴിഞ്ഞെന്നും, 2020ല്‍ നടന്ന പഞ്ചായത്ത്/ ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ശ്രീ മോദിയുടെ നേതൃത്വത്തില്‍ 2019 മുതല്‍ വലിയ മാറ്റങ്ങളാണ് ജമ്മു കശ്മീരില്‍ സംഭവിച്ചിരിക്കുന്നത്. ഇപ്പോള്‍ തന്നെ 12,000 കോടിയുടെ നിക്ഷേപം വന്നുകഴിഞ്ഞു. വിനോദസഞ്ചാര മേഖയിലും വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്,’ അമിത് ഷാ പറഞ്ഞു.

കശ്മീരിലെ യുവജനങ്ങള്‍ ഇത്തരം വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. കശ്മീര്‍ വിനോദസഞ്ചാരത്തിന് സുരക്ഷിതമല്ലെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ചില ഗൂഢാലോചനകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Amit Shah says Central govt will restore statehood in Jammu Kashmir if things become normal

We use cookies to give you the best possible experience. Learn more