അമിത് ഷാ ഒറ്റയ്ക്കല്ല, രോഗം സ്ഥിരീകരിച്ച മന്ത്രിമാരും രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ആശുപത്രികളെ തള്ളി, എത്തിയത് സ്വകാര്യ ആശുപത്രികളിലേക്ക്; റിപ്പോര്‍ട്ട് ഇങ്ങനെ
ന്യൂദല്‍ഹി: ഓഗസ്റ്റ് തുടങ്ങിയതേ ഉള്ളെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം പ്രതിസന്ധിയേറിയ ദിവസങ്ങളായി മാറിയിരിക്കുകയാണ്. മാസത്തിലെ ആദ്യ നാല് ദിവസങ്ങളില്‍ത്തന്നെ കുറഞ്ഞത് ഏഴ് മുന്‍നിര രാഷ്ട്രീയക്കാര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇതില്‍ ഏറ്റവും ഉയര്‍ന്ന പ്രൊഫൈലിലുള്ള വ്യക്തി.
അമിത് ഷായ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ കൊവിഡിലെ പൊതുജനാരോഗ്യവും ചൂടുപിടിച്ച ചര്‍ച്ചയിലേക്ക് കടന്നിരിക്കുകയാണ്. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയായ മെഡന്റയിലാണ് ഷായെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഈ തീരുമാനം രാഷ്ട്രീയ എതിരാളികള്‍ക്ക് കടന്നാക്രമണത്തിന്റെ വെടിമരുന്ന് നല്‍കുകയും ചെയ്തു.
മുതിര്‍ന്ന കോണ്‍ഗ്രസും നേതാവും എം.പിയുമായ ശശി തരൂരാണ് ഈ വിവാദത്തിന് തിരികൊളുത്തിയവരില്‍ പ്രധാനി. അമിത് ഷാ ഏറ്റവുമടുത്തുള്ള എയിംസില്‍ പ്രവേശിക്കാതെ എന്തുകൊണ്ടാണ് അയല്‍ സംസ്ഥാനത്തുള്ള സ്വകാര്യ ആശുപത്രി തെരഞ്ഞെടുത്തതെന്ന ചോദ്യമാണ് തരൂര്‍ ഉന്നയിച്ചത്.
തരൂരിന്റെ ട്വീറ്റ് എളുപ്പം വൈറലാവുകയും അമിതാ ഷാ എന്തുകൊണ്ടാണ് സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങളില്‍നിന്നും വിട്ടുനില്‍ക്കുന്നതെന്ന ചോദ്യം പരക്കെ ഉയരുകയും ചെയ്തു.
ഇക്കാര്യത്തില്‍ ഷാ ഒറ്റയ്ക്കല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചുരുക്കം ചില രാഷ്ട്രീയപ്രവര്‍ത്തകര്‍ മാത്രമേ രാജ്യത്തിന്റെ പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ വിശ്വസിക്കുന്നുള്ളൂ എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
ഇന്നുവരെയുള്ള കണക്ക് പ്രകാരം, കേന്ദ്ര- സംസ്ഥാന മന്ത്രിമാരില്‍ ഏകദേശം ഇരുപതോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 17 പേരും സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയിരിക്കുന്നത്. ദ പ്രിന്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
യു.പിയില്‍ രോഗം ബാധിച്ച ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ മന്ത്രി കമല്‍ റാണി വരുണും ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജും മാത്രമാണ് രോഗം സ്ഥിരീകരിച്ച ശേഷം സര്‍ക്കാര്‍ ആശുപത്രികളെ സമീപിച്ചത്. മഹാരാഷ്ട്രയിലെ മന്ത്രിയായ അസ്ലം ഷെയ്ഖ് ഹോം ക്വാറന്റീനിലുമാണ്.
മന്ത്രിമാര്‍ ചികിത്സക്കായി സ്വകാര്യ ആശുപത്രികളെ സമീപിക്കുന്ന പ്രവണത ഒട്ടും നല്ല സന്ദേശമല്ല ജനങ്ങള്‍ക്ക് നല്‍കുന്നതെന്നാണ് ഈ ട്രെന്‍ഡിനോട് കുടുംബ ആരോഗ്യ വകുപ്പിലെ മുന്‍ സെക്രട്ടറി കെ സുജാത റാവു പ്രതികരിക്കുന്നത്. ‘മന്ത്രിമാര്‍ ചികിത്സക്കായി സ്വകാര്യ ആശുപത്രികളില്‍ പ്രവേശിക്കുന്നത് പുതിയ കാര്യമല്ല. പക്ഷേ, ഇത് സാധാരണക്കാര്‍ക്ക് നല്ല സന്ദേശമല്ല നല്‍കുന്നത്. ആഭ്യന്തരമന്ത്രി സ്വകാര്യ ആശുപത്രിയെയാണ് കൂടുതലായി വിശ്വസിക്കുന്നതെങ്കില്‍ എന്തിനാണ് എയിംസിലെ ഡയറക്ടറോട് സ്വന്തം രോഗികളെ പരിഗണിക്കാതെ കിലോമീറ്ററുകള്‍ സഞ്ചരിക്കാന്‍ ആവശ്യപ്പെടുന്നത്?’, സുജാത റാവു ചോദിച്ചു.
മുന്‍ പ്രധാനമന്ത്രിമാരായ വാജ്‌പേയിയും മന്‍മോഹന്‍ സിങും എയിംസിലാണ് വിവിധ ആരോഗ്യപ്രശ്‌നങ്ങളില്‍ ചികിത്സ തേടിയിട്ടുള്ളത്. സ്വകാര്യ ആശുപത്രികളിലെ ചികിത്സ താങ്ങാന്‍ കഴിയാത്തവരുമുണ്ടെന്ന് രാഷ്ട്രീയക്കാര്‍ മനസിലാക്കണം. അവര്‍ മാതൃകയായി രാഷ്ട്രീയക്കാരെയാണ് നോക്കുകയെന്നും അവര്‍ പറഞ്ഞു.
കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദിയൂരപ്പയും സ്വകാര്യ ആശുപത്രിയിലേക്കാണ് നീങ്ങിയത്. മണിപ്പാല്‍ ആശുപത്രിയിലാണ് അദ്ദേഹം അഡ്മിറ്റായത്.
മുഖ്യമന്ത്രിയുടെ സുരക്ഷയും ആരോഗ്യവും മുന്‍നിര്‍ത്തിയാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത്. നിരവധിപ്പേരെ പ്രവേശിപ്പിച്ചിട്ടുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനാവില്ലെന്നും അവര്‍ പറയുന്നു.
യെദിയൂരപ്പയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്കും രോഗം സ്ഥിരീകരിച്ചു. യെദിയൂരപ്പയെ പ്രവേശിച്ചിരിക്കുന്ന അതേ ആശുപത്രിയിലാണ് സിദ്ധരാമയ്യയും.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസമാണ്. സ്വകാര്യ ആശുപത്രിയിലാണ് ചൗഹാനും. സംസ്ഥാനത്തെ മറ്റൊരു മന്ത്രിയായ അരവിന്ദ് ഭധോരിയയും ഇതേ ആശുപത്രിയിലാണ്.
ബി.ജെ.പി നേതാക്കള്‍ മാത്രമല്ല സ്വകാര്യ ആശുപത്രിയിലേക്ക് ഒഴുകിയെത്തുന്ന രാഷ്ട്രീയക്കാര്‍.
ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന്‍ ആദ്യം അഡ്മിറ്റായത് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു. പക്ഷേ, പ്ലാസ്മ തെറാപ്പിക്കായി അദ്ദേഹത്തെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയുടെ ആശങ്കയും ആവശ്യവും കാരണമാണ് താന്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറിയതെന്നാണ് ജയിന്‍ ഇതിന് നല്‍കുന്ന വിശദീകരണം.
പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവും ഗ്രാമീണ വികസന മന്ത്രിയുമായ തൃപ്ത് സിങ് ബജ്വയും സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും രോഗം സ്ഥിരീകരിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ എന്‍.സി.പി മന്ത്രി ജിതേന്ദ്ര അവാഡും മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അഭയം തേടിയത്. ‘ആ തീരുമാനം എന്റേതായിരുന്നില്ല. ഞാനാ സമയത്ത് അബോധാവസ്ഥയിലായിരുന്നു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമാണ് എന്നെ ഈ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള തീരുമാനമെടുത്തത്’, അവാഡും കയ്യൊഴിയുന്നത് ഇങ്ങനെ.
ഇതിന് പിന്നാലെ മഹാരാഷ്ട്രയില്‍ രോഗം ബോധിച്ച മന്ത്രി ധനഞ്ജയ് മുണ്ഡെയെയും പ്രവേശിപ്പിച്ചത് മുംബൈയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ത്തന്നെ. വിഷയത്തില്‍ മുണ്ഡെ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തെലങ്കാനയിലും സ്ഥിതി സമാനമാണ്. ആഭ്യന്തര മന്ത്രിയും ടി.ആര്‍.എസ് നേതാവുമായ മഹ്മൂദ് അലി ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് ചികിത്സ തേടിയത്.
ആന്ധ്രാപ്രദേശില്‍ ഉപമുഖ്യമന്ത്രി ആംസത് ബാഷയും ഹൈദരാബാദിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലാണ് രോഗം ബാധിച്ചതിന് പിന്നാലെ എത്തിയത്. കുടുംബത്തില്‍ പലര്‍ക്കും രോഗം ബാധിക്കുകയും ഭാര്യയുടെ നില ഗുരുതരമാവുകയും ചെയ്തതോടെ സര്‍ക്കാര്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറിയതെന്നാണ് അദ്ദേഹം പറയുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക