| Wednesday, 15th May 2019, 4:35 pm

അമിത് ഷാ നുണയനാണ്; ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിമ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ കൈയിലുണ്ട് : ഡെറിക് ഒബ്രയാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നുണയനാണെന്ന് തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രയാന്‍. അമിത് ഷായുടെ സാന്നിധ്യത്തിലാണ് പുറം സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ബി.ജെ.പി പ്രവര്‍ത്തകരും ഗുണ്ടകളും ചേര്‍ന്ന് വിദ്യാസാഗര്‍ കോളേജിലെ പ്രതിമ തകര്‍ത്തത്. അക്രമങ്ങളുടെ വീഡിയോ തന്നെ അമിത് ഷാ നുണയനാണെന്ന് അടിവരയിടുന്നുണ്ട്. ഇത് തെളിയിക്കാനുള്ള ശ്രമങ്ങള്‍ തൃണമൂല്‍ നടത്തുകയാണെന്നും ഡെറിക് ഒബ്രയാന്‍ പറഞ്ഞു.

ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഇത് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചുകൊടുക്കുമെന്നും ഡെറിക് ഒബ്രയാന്‍ പറഞ്ഞു.

അമിത് ഷായുടെ പരിപാടിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ അക്രമമുണ്ടാക്കിയെന്നാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നതെന്നും എന്നാല്‍ മനപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാനായിരുന്നു ബി.ജെ.പി ശ്രമമെന്നും അക്രമത്തിന് തുടക്കമിട്ടത് ബി.ജെ.പിയാണെന്നും വീഡിയോ പുറത്തുവിട്ടുകൊണ്ട് തൃണമൂല്‍ ആരോപിച്ചു.

വിദ്യാസാഗര്‍ കോളേജ് പൂര്‍ണമായും ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിട്ടുണ്ട്. കോളേജിന് പുറത്ത് നിര്‍ത്തിയിട്ട വാഹനങ്ങളില്‍ പലതും കത്തിച്ചു. അമിത് ഷാ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറുണ്ടായെന്നാരോപിച്ചായിരുന്നു അവര്‍ സംഘര്‍ഷത്തിന് തുടക്കം കുറിച്ചതെന്നും തൃണമൂല്‍ വ്യക്തമാക്കി. എന്നാല്‍ ബംഗാളില്‍ നടന്നത് മമതയുടെ ഗുണ്ടാ ആക്രമണമാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. ജീവനോടെ തിരിച്ചെത്തിയത് സി.ആര്‍.പി.എഫിന്റെ സംരക്ഷണം ഉള്ളതുകൊണ്ട് മാത്രമാണെന്നും അമിത് ഷാ ആരോപിച്ചിരുന്നു.

ഇന്നലെ നടന്ന റോഡ് ഷോയ്ക്കിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗവും ഇടത് പാര്‍ട്ടി പ്രവര്‍ത്തകരും അമിത് ഷാക്കെതിരെ മുദ്രാവാക്യം വിളിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

We use cookies to give you the best possible experience. Learn more