| Sunday, 25th September 2022, 8:28 am

അമിത് ഷാ ആകെ വട്ട് പിടിച്ചിരിക്കുകയാണ്, വീണ്ടും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമോ എന്ന് നോക്കിക്കാണാം: ലാലു പ്രസാദ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഹാറിലെ ഭരണസഖ്യത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാ നടത്തുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. അമിത് ഷാ ആകെ ഭ്രാന്തനായിപ്പോയെന്നും ബി.ജെ.പി ബീഹാറില്‍ നിന്നും തുടച്ചുനീക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘അമിത് ഷാ ആകെ ഭ്രാന്തനായി പോയിട്ടുണ്ട്. ബീഹാറില്‍ നിന്നും ബി.ജെ.പി തുടച്ചുനീക്കപ്പെട്ടിട്ടുണ്ട്. 2024ലും അതേ തകര്‍ച്ച തന്നെ ബി.ജെ.പി നേരിടും. ആ ബോധ്യമുള്ളതു കൊണ്ടാണ് അദ്ദേഹം അവിടെ ഓടിനടന്ന് ജംഗിള്‍രാജിനെക്കുറിച്ചും മറ്റും സംസാരിക്കുന്നത്. അദ്ദേഹം ഗുജറാത്തില്‍ ഉണ്ടായിരുന്നപ്പോള്‍ ഷാ എന്താണ് ചെയ്തത്? ജംഗിള്‍രാജൊക്കെ അങ്ങ് ഗുജറാത്തിലായിരുന്നു. അമിത് ഷാ ഉള്ള കാലത്ത്,’ യാദവ് പറഞ്ഞു.

2024ലെ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തിലും ബീഹാറിലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ അതൊക്കെ വഴിയേ മനസിലാക്കാമെന്നായിരുന്നു യാദവിന്റെ പ്രതികരണം.

അധികാരത്തിനുവേണ്ടി നിതീഷ് കുമാര്‍ ആര്‍.ജെ.ഡിയെ പുറത്താക്കുമെന്ന് ബി.ജെ.പി പറഞ്ഞിരുന്നു. ഇതിന് ശേഷം ബന്ധം കൂടുതല്‍ ശക്തമായി മുന്നോട്ടുപോകുകയാണെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.

‘പ്രതിപക്ഷ ഐക്യത്തിനായി ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. അത് ഇനിയും തുടരും,’ യാദവ് പറഞ്ഞു.

‘കോണ്‍ഗ്രസിന്റെയും ആര്‍.ജെ.ഡിയുടെയും മടിയില്‍ ഇരുന്നുകൊണ്ട്’ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്റെ മുഖ്യമന്ത്രി ആഗ്രഹം നിറവേറ്റാന്‍ ബി.ജെ.പിയെ പിറകില്‍ നിന്ന് കുത്തിയെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെയും ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദിന്റെയും ജോഡി തുടച്ചുനീക്കുമെന്നും ഒരു വര്‍ഷത്തിനുശേഷം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും പൂര്‍ണിയയില്‍ നടന്ന റാലിയില്‍ ഷാ പറഞ്ഞു.

മഹാസഖ്യത്തിന്റെ ജംഗിള്‍ രാജ് ബീഹാറിന് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച സോണിയ ഗാന്ധിയുമായി ലാലു പ്രസാദ് യാദവ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ ഐക്യമായിരിക്കും യോഗത്തില്‍ ചര്‍ച്ച ചെയ്യുക.

Content Highlight: Amit shah has gone crazy says rjd chief lalu prasad yadav

We use cookies to give you the best possible experience. Learn more