| Monday, 17th June 2024, 9:44 pm

ഒടുവില്‍ മുട്ടുകുത്തി അമിത് ഷായും കേന്ദ്രവും; മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുക്കി-മെയ്‌തേയ് വിഭാഗങ്ങളുമായി സംയുക്ത ചര്‍ച്ച നടത്തുമെന്നാണ് അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്. ഉന്നതതല ഉദ്യോഗസ്ഥരും ചര്‍ച്ചയുടെ ഭാഗമാകുമെന്നും ഷാ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇത് ആദ്യമായാണ് മണിപ്പൂര്‍ വിഷയത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ നേരിട്ട് ഒരു ചര്‍ച്ചയ്ക്ക് തയ്യാറാവുന്നത്. മണിപ്പൂര്‍ കലാപത്തില്‍ മൗനം പാലിച്ച ബി.ജെ.പി സര്‍ക്കാരിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി സംസ്ഥാനത്ത് നേരിടേണ്ടി വന്നിരുന്നു. മണിപ്പൂരിലെ രണ്ട് ലോക്‌സഭാ സീറ്റും കോണ്‍ഗ്രസ് എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് പിടിച്ചെടുത്തു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് അമിത് ഷായുടെ പ്രതികരണം.

ഞായറാഴ്ച മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്കെയുമായി അമിത് ഷാ ആശയവിനിമയം നടത്തിയിരുന്നു. ഇരുവരും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.

2023 മെയ് മൂണിനാണ് മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ 200ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. ആക്രണങ്ങള്‍ക്കിടയില്‍ നിരവധി സ്ത്രീകളാണ് ബലാത്സംഗത്തിന് ഇരയായത്.

പട്ടികവര്‍ഗ (എസ്.ടി) പദവിക്കായുള്ള മെയ്തേയ് സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മലയോര ജില്ലകളില്‍ സംഘടിപ്പിച്ച ‘ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ചിന്’ ശേഷമാണ് കലാപം ആരംഭിച്ചത്. പ്രശ്ന പരിഹാരത്തിന്റെ ഭാഗമായുള്ള അമിത് ഷായുടെ സന്ദര്‍ശനത്തിന് ശേഷവും മണിപ്പൂരില്‍ നിരവധി ആക്രമണങ്ങളാണ് ഉണ്ടായത്.

കഴിഞ്ഞ ദിവസം മണിപ്പൂര്‍ ജനതയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ കേന്ദ്രവും സംസ്ഥാനഭരണകൂടവും പരാജയപ്പെട്ടെന്ന് മണിപ്പൂര്‍ ബി.ജെ.പി മുഖ്യമന്ത്രി ബിരേന് സിങ് പറഞ്ഞിരുന്നു.

Content Highlight: Amit Shah has announced that he will hold a joint discussion with the Kuki-Meitei factions

We use cookies to give you the best possible experience. Learn more