മോദി 18 മണിക്കൂർ ജോലി ചെയ്യുന്നു, രാഹുൽ രണ്ടു മാസത്തിലൊരിക്കൽ വിദേശയാത്ര പോകുന്നു: ആരോപണവുമായി അമിത് ഷാ
പലാമു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസം 18 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ രാഹുല്‍ രണ്ടോ മൂന്നോ മാസത്തിലൊരിക്കല്‍ വിദേശ യാത്രകള്‍ നടത്തുന്നു എന്നായിരുന്നു അമിത് ഷായുടെ പരിഹാസം. ജാര്‍ഖണ്ഡില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
കഴിഞ്ഞ 20 വർഷമായി താൻ മോദിയോടൊപ്പം ജോലി ചെയ്യുകയാണെന്നും ഒരു ദിവസം പോലും അദ്ദേഹം അവധി എടുത്തിട്ടില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു. രാഹുൽ ഗാന്ധി മാസത്തിൽ രണ്ടോ മൂന്നോ തവണ അവധി എടുത്ത് വിദേശയാത്രകൾ നടത്തി ആഘോഷിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. പാർട്ടി പ്രവർത്തകരെയും സ്വന്തം അമ്മയെ പോലും വിഷമിപ്പിച്ചുകൊണ്ടാണ് രാഹുൽ ഇങ്ങനെ ചെയ്യുന്നതെന്നും ഷാ കൂട്ടിച്ചേർത്തു.
നിരവധി വിദേശയാത്രകൾ നടത്തുന്നതിന്റെ പേരിൽ ഇതിനുമുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ പഴികേട്ടിരുന്നു. യാത്രക്കായി വൻതുക മോദി ചിലവഴിച്ചതായും ആരോപണമുണ്ടായിരുന്നു. എന്നാൽ ഇതിനായി ചിലവായ പണത്തിന്റെ കണക്ക് വിദേശകാര്യ മന്ത്രാലയം സൂക്ഷിച്ചിരുന്നില്ല. 2014 ജൂണ്‍ 15നു നടത്തിയ ഭൂട്ടാന്‍ യാത്ര മുതല്‍ 2018 ജൂണ്‍ 9നു നടത്തിയ ചൈനീസ് സന്ദര്‍ശനം വരെയുള്ള ചെലവുകള്‍ അന്നു പുറത്തുവിട്ടിരുന്നു.
പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 1088.42 കോടിയും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി 387.26 കോടി രൂപയും ഹോട്ട്ലൈന്‍ സൗകര്യത്തിനായി 9.12 കോടി രൂപയുമാണു ചെലവഴിച്ചിരുന്നത്. ഇതില്‍ 2017-18, 18-19 വര്‍ഷത്തെ ഹോട്ട്ലൈന്‍ ചെലവും 2018-19 വര്‍ഷത്തെ ചാര്‍ട്ടേഡ് വിമാനങ്ങളുടെ ചെലവും നല്‍കിയിരുന്നില്ല. അതുവരെ 42 യാത്രകളിലായി 84 രാജ്യങ്ങളാണു മോദി സന്ദര്‍ശിച്ചത്.
വിദേശയാത്ര പോകുമ്പോള്‍ തന്നോട് പറയണമെന്ന് ബി.ജെ.പി മുഖ്യമന്ത്രിമാരോടും ഉപമുഖ്യമന്ത്രിമാരോടും പ്രധാനമന്ത്രി നരേന്ദ്രമോദി പറയുകയും ചെയ്തിരുന്നു.