| Wednesday, 4th October 2017, 12:34 pm

കേരള-കര്‍ണാടക സന്ദര്‍ശനം പാതിവഴിയില്‍ ഉപേക്ഷിച്ച് അമിത് ഷാ മടങ്ങി; കാരണം വ്യക്തമാക്കാതെ പാര്‍ട്ടി നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരള കര്‍ണാടക സന്ദര്‍ശനം പാതിവഴിയില്‍ ഉപേക്ഷിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ദല്‍ഹിക്ക് മടങ്ങിയതായി റിപ്പോര്‍ട്ട്.

ഒക്ടോബര്‍ അഞ്ചിനും ആറിനും കേരളത്തിലെ ജനരക്ഷാ യാത്രയില്‍ അമിത് ഷാ പങ്കെടുക്കേണ്ടിയിരുന്നു. എന്നാല്‍ പാര്‍ട്ടിനേതൃത്വത്തില്‍ നിന്നും ലഭിച്ച അറിയിപ്പിന് പിന്നാലെ സന്ദര്‍ശനം മതിയാക്കി അമിത്ഷാ ദല്‍ഹിക്ക് മടങ്ങുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.


Dont Miss ജനരക്ഷായാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ ‘ബലികുടീരങ്ങളേ ‘പാടി സി.കെ പദ്മനാഭന്‍; നിരാശരായി നേതാക്കള്‍


രാത്രി പത്ത് മണിയോടെയാണ് അമിത് ഷാ തിരിച്ചത്. അതേസമയം എന്തുകൊണ്ടാണ് അമിത് ഷാ പെട്ടെന്ന് തന്നെ സന്ദര്‍ശനം മതിയാക്കി മടങ്ങിയതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ബി.ജെ.പി ദക്ഷിണ കന്നട യൂണിറ്റ് പ്രസിഡന്റ് സജ്ഞീവ മട്ടന്തൂര്‍ പറഞ്ഞു. അതേസമയം യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിലെ ജനരക്ഷായാത്രയില്‍ പങ്കെടുക്കുമെന്നും അവര്‍ പറഞ്ഞു.

കേരളത്തില്‍ നിന്നും മംഗളൂരുവിലെ പരിപാടിയില്‍ പങ്കെടുക്കാനായി മടങ്ങുന്ന അമിത്ഷാ നാളെ വീണ്ടും കണ്ണൂരില്‍ പിണറായിയുടെ മണ്ഡലത്തിലൂടെ നടക്കുന്ന പദയാത്രയില്‍ പങ്കെടുക്കാനായി എത്തുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ.

എന്നാല്‍ പരിപാടികള്‍ റദ്ദാക്കി അമിത്ഷാ മടങ്ങുകയായിരുന്നു. അമിത്ഷായെ സ്വീകരിക്കാനായി
വലിയ ഒരുക്കങ്ങളായിരുന്നു മംഗളൂരുവില്‍ നടത്തിയത്. എന്നാല്‍ പൊടുന്നനെയുള്ള മാറ്റം പ്രവര്‍ത്തകരെ നിരാശരാക്കിയിരിക്കുകയാണ്. അതേസമയം നാളെ കണ്ണൂരില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനായി അമിത് ഷാ എത്തുമെന്ന് കണ്ണൂര്‍ ബി.ജെ.പി പ്രസിഡന്റ് പി. സത്യപ്രകാശ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.


Also Read ഗുജറാത്തില്‍ അമിത്ഷാക്കെതിരെ പ്രതിഷേധിച്ചവരെ തല്ലിച്ചതച്ച് ബി.ജെ.പിക്കാര്‍: മര്‍ദ്ദനം പൊലീസിന്റെ കയ്യില്‍ നിന്നും ലാത്തിപിടിച്ചുവാങ്ങി


ഇന്നത്തെ പരിപാടിയില്‍ യോഗി ആദിത്യനാഥ് പങ്കെടുക്കുമെന്നും നാളെ മമ്പറത്ത് നിന്ന് ആരംഭിച്ച് പിണറായി വഴിയുള്ള പദയാത്രയില്‍ പങ്കെടുക്കാനായി
അമിത്ഷാ എത്തുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. വൈകീട്ട് തലശേരിയിലാണ് പൊതുസമാപനം. ആറാം തിയതി പാനൂരില്‍ നിന്ന് ആരംഭിക്കുന്ന പദയാത്ര കൂത്തുപറമ്പില്‍ സമാപിക്കുന്നതോടെ ജില്ലയിലെ പര്യടനം അവസാനിക്കും.

നേരത്തെ ആഗസ്റ്റ് 29 നായിരുന്നു കേരളത്തില്‍ ജനരക്ഷായാത്ര നടത്താനായി തീരുമാനിച്ചത്. അന്ന് അമിത്ഷായുടെ അസൗകര്യം പരിഗണിച്ച് യാത്രമാറ്റിവെക്കുകയായിരുന്നു.

നവംബര്‍ 2 ന് ബംഗളൂരുവില്‍ നടക്കുന്ന പരിവര്‍ത്തന്‍ റാലിയിലും അമിത് ഷാ പങ്കെടുക്കേണ്ടിയിരുന്നു. എന്നാല്‍ ഈ പരിപാടികളൊക്കെ നീട്ടിവെച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ കാരണവും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടില്ല.

We use cookies to give you the best possible experience. Learn more