'ഭാര്യയും ഭര്‍ത്താവും പരസ്പരം അംഗീകരിച്ചേ മതിയാവൂ എന്നു പറയുന്ന ഇന്ത്യയാണോ വേണ്ടത്?' നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവിന്റെ ലേഖനം ന്യായീകരിച്ച് അമിത് ഷാ
national news
'ഭാര്യയും ഭര്‍ത്താവും പരസ്പരം അംഗീകരിച്ചേ മതിയാവൂ എന്നു പറയുന്ന ഇന്ത്യയാണോ വേണ്ടത്?' നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവിന്റെ ലേഖനം ന്യായീകരിച്ച് അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th October 2019, 9:38 am

ന്യൂദല്‍ഹി: സാമ്പത്തിക മാന്ദ്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവ് പരകല പ്രഭാകറിന്റെ നടപടിയില്‍ ന്യായീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയാധ്യക്ഷനുമായ അമിത് ഷാ രംഗത്ത്. പ്രഭാകറിന്റെ ലേഖനത്തെച്ചൊല്ലി നടക്കുന്ന വിവാദങ്ങളും വാക്‌പോരുകളും ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ ന്യായീകരണം.

‘ഭാര്യയും ഭര്‍ത്താവും പരസ്പരം അംഗീകരിച്ചേ മതിയാവൂ എന്നു പറയുന്ന ഇന്ത്യയാണോ നിങ്ങള്‍ക്കു വേണ്ടത്’ എന്നായിരുന്നു ഷായുടെ ചോദ്യം. ഇന്ത്യാ ടുഡേ ടി.വിയുടെ രാഹുല്‍ കന്‍വാലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്തരം മോശം ശീലങ്ങള്‍ ഞാന്‍ മുന്‍പു കണ്ടിട്ടില്ല. ഭാര്യയും ഭര്‍ത്താവും പരസ്പരം അംഗീകരിച്ചേ മതിയാവൂ എന്നു പറയുന്ന ഇന്ത്യയാണോ നിങ്ങള്‍ക്കു വേണ്ടത്? സ്വയം ലിബറലുകള്‍ എന്നു വിളിക്കുന്നവരില്‍ നിന്നാണ് ഇതൊക്കെ വരുന്നത്.

ആരെയാണ് അയാള്‍ വിവാഹം ചെയ്തതെന്നു നോക്കി ഒരാളുടെ അഭിപ്രായങ്ങളുടെയും ചിന്തകളുടെയും പേരില്‍ വിവാദം ഉണ്ടാക്കുന്നതു ശരിയാണോ? ഇത് ആരോഗ്യകരമായ രാഷ്ട്രീയമാണെന്ന് എനിക്കു തോന്നുന്നില്ല. അഭിപ്രായം പ്രകടിപ്പിക്കാന്‍ എല്ലാ വ്യക്തികള്‍ക്കും അവസരം നല്‍കണം.’- അദ്ദേഹം പറഞ്ഞു.

ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ വെച്ചാവണം സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചു സംസാരിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

‘ആഗോള സാമ്പത്തിക സാഹചര്യങ്ങളുമായി താരതമ്യം ചെയ്തുവേണം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ സാഹചര്യം താരതമ്യം ചെയ്യേണ്ടത്. അപ്പോള്‍ നിങ്ങള്‍ നല്ലൊരു സ്ഥാനത്താണെന്നു മനസ്സിലാവും.

നെഹ്‌റുവിയന്‍ സോഷ്യലിസത്തെ വിമര്‍ശിക്കുന്നതിനുപകരം’ സമ്പദ്‌വ്യവസ്ഥയുടെ ഉദാരവല്‍ക്കരണത്തിന് വഴിയൊരുക്കിയ റാവു-സിംഗ് സാമ്പത്തിക മാതൃകയാണ് ബി.ജെ.പി സ്വീകരിക്കേണ്ടതെന്ന് ദി ഹിന്ദു പത്രത്തില്‍ എഴുതിയ കോളത്തില്‍ പ്രഭാകര്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ നിഷേധാത്മക രീതിയിലാണ് ഇതിനോട് പെരുമാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘സര്‍ക്കാര്‍ ഇപ്പോഴും നിഷേധാത്മകമായ രീതിയിലാണ് വിഷയത്തെ നേരിടുന്നത്. പല മേഖലകളും ഗുരുതരമായ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതീവ ഗുരുതര സാഹചര്യമായി തന്നെയാണ് ഇതിനെ വിലയിരുത്തുന്നത്. ബി.ജെ.പിയുടെ വിശദീകരിക്കാനാവാത്ത വിമുഖതയാണ് പ്രശ്‌നത്തിന് പിന്നിലെന്നും പ്രഭാകര്‍ ലേഖനത്തില്‍ പറഞ്ഞു.

‘നെഹ്രുവിയന്‍ സോഷ്യലിസ്റ്റ് രീതി’ നിരസിക്കുക എന്നത് ഭാരതീയ ജനസംഘത്തിന്റെ കാലം മുതല്‍ ഉള്ളതാണ്. ബി.ജെ.പി ഒരിക്കലും തങ്ങളുടെ സ്വന്തം വാദങ്ങള്‍ പ്രയോഗിക്കാമാക്കാന്‍ ശ്രമിച്ചിട്ടില്ല. സാമ്പത്തിക നയത്തിന്റെ കാര്യത്തില്‍ ‘ഇത് അല്ല, ഇത് അല്ല’ എന്ന നയമാണ് അവര്‍ സ്വകരിച്ചത്. എന്നാല്‍ സ്വന്തം നയം എന്താണെന്ന് അവര്‍ ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.

ഒരു മുതലാളിത്ത, അല്ലെങ്കില്‍ സ്വതന്ത്ര കമ്പോള ചട്ടക്കൂട് എന്ന് വിശേഷിപ്പിക്കാവുന്നവയെക്കുറിച്ചുള്ള ബി.ജെ.പിയുടെ വാദങ്ങള്‍ ഇപ്പോള്‍ പ്രായോഗികമായി പരീക്ഷിക്കപ്പെട്ടിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഇപ്പോഴത്തെ എക്കണോമിക് റോഡ് മാപ്പ് ബി.ജെ.പിയെ വീണ്ടും തിരഞ്ഞെടുത്തതിന്റെ ഭാഗമായി മാത്രം ഉണ്ടായതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നെഹ്‌റുവിയന്‍ നയങ്ങളില്‍ വിമര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്ന ബി.ജെ.പി അതൊരു രാഷ്ട്രീയ ആക്രമണമായി തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. അത് തിരിച്ചറിയാനും അവര്‍ക്ക് സാധിക്കുന്നില്ല.

റാവു-സിംഗ് സാമ്പത്തിക നയങ്ങള്‍ ബി.ജെ.പി പൂര്‍ണമായും സ്വീകരിക്കുന്ന പക്ഷം മാത്രമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെയും സമ്പദ്വ്യവസ്ഥയേയും അഴുക്കുചാലില്‍ നിന്ന് കരകയറ്റാനാവുകയുള്ളൂവെന്നും പ്രഭാകര്‍ വ്യക്തമാക്കി.