ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തിപ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മേഘാലയയിലെ ഷില്ലോങ്ങിലേക്കുള്ള യാത്ര റദ്ദാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഞായറാഴ്ച ഷില്ലോങ് പൊലീസ് അക്കാദമിയില്‍ നടക്കുന്ന പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതാണ് ഷാ റദ്ദാക്കിയിരിക്കുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായാണ് അസമിലെ ഗുവാഹത്തിയില്‍ വെച്ച് നടക്കേണ്ടിയിരുന്ന ഇന്ത്യ-ജപ്പാന് ഉച്ചകോടി മാറ്റിവെച്ചത്. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ സന്ദര്‍ശനം മാറ്റിവെച്ചുകഴിഞ്ഞു.
ഗുവാഹത്തിയിലും ദിബ്രുഗഢിലും നിരോധനാജ്ഞയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റദ്ദാക്കിയ വിമാന, ട്രെയിന്‍ സേവനങ്ങള്‍ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. അസമിലെയും ത്രിപുരയിലെയും എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
ഇന്നലെ അസമില്‍ നടന്ന പ്രതിഷേധത്തിനെതിരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്കാണു പരിക്കേറ്റത്. പ്രതിഷേധം ശക്തമായതോടെ സംസ്ഥാനത്തു സൈന്യത്തെ വിന്യസിച്ചിരുന്നു.
നിരവധിപേരാണ് നിരോധനാജ്ഞ ലംഘിച്ച് വടക്കു കിഴക്കന്‍ സംസ്ഥാനത്തില്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിട്ടുള്ളത്. ബില്ലിനെതിരെ അസമില്‍ തുടുരുന്ന പ്രതിഷേധം മേഘാലയിലേക്കും വ്യാപിച്ചിട്ടുണ്ട്.
അസമിനും ത്രിപുരയ്ക്കും പിറകെ മേഘാലയിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. 48 മണിക്കൂര്‍ നേരത്തേക്കാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയത്.
പന്ത്രണ്ട് സംഘടനങ്ങളുടെ പിന്തുണയോടെ നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് അസോസിയേഷനാണു പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.