കൊല്‍ക്കത്ത: ബംഗാളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ അമിത് ഷാ രാജസ്ഥാനില്‍ നിന്നും യു.പിയില്‍ നിന്നും ബീഹാറില്‍ നിന്നും ജാര്‍ഖണ്ഡില്‍ നിന്നും ഗുണ്ടകളെ ഇറക്കിയെന്ന് മമതാ ബാനര്‍ജി. ഇക്കാര്യം ബംഗാളി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ പിമ്പുകളായ ദേശീയമാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തില്ലെന്നും മമത പറഞ്ഞു. അവരെ വിട്ടേക്കെന്നും മമത പറഞ്ഞു.
‘ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ അറിയണം. അമിത് ഷായുടെ റാലി അവസാനിച്ചതിന് പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ വിദ്യാസാഗര്‍ കോളേജിന് തീ വെച്ചു. ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തു. നക്‌സല്‍ കാലത്ത് പോലും കൊല്‍ക്കത്ത ഇതുപോലുള്ള നാണക്കേടിന് സാക്ഷ്യം വഹിച്ചിട്ടില്ല’ മമത പറഞ്ഞു.
അമിത് ഷായുടെ കൊല്‍ക്കത്തയിലെ റാലിയ്ക്കിടെ കൊല്‍ക്കത്ത സര്‍വകലാശാല ക്യാമ്പസിന് സമീപം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എ.ബി.വി.പി പ്രവര്‍ത്തകരും തമ്മിലായിരുന്നു സംഘര്‍ഷം ആരംഭിച്ചത്.
ഇതിനുപിന്നാലെ ബി.ജെ.പി. പ്രവര്‍ത്തകരും അക്രമാസക്തരായി. വാഹനങ്ങള്‍ കത്തിക്കുകയും വിദ്യാര്‍ഥികളെ ആക്രമിക്കുകയും ചെയ്തു.