ന്യൂദല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ഇഫ്താര്‍ ആഘോഷിക്കുന്നതു പോലെ എന്താണ് നവരാത്രി ആഘോഷിക്കാത്തതെന്ന പ്രകോപനപരമായ ചോദ്യമുന്നയിച്ച കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ താക്കീത്. ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തരുതെന്ന് അദ്ദേഹം സിങ്ങിനോട് പറഞ്ഞു. അദ്ദേഹത്തെ വിളിച്ചുവരുത്തിയായിരുന്നു ഷായുടെ താക്കീത്.
എല്‍.ജെ.പി നേതാവ് രാംവിലാസ് പസ്വാന്‍ പട്‌നയില്‍ ഇന്നലെ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ നിതീഷും ബി.ജെ.പി നേതാവ് സുശീല്‍ മോദിയും പങ്കെടുത്തിരുന്നു. ഈ ആവേശം നവരാത്രി ആഘോഷിക്കുമ്പോള്‍ കാണുന്നില്ലെന്ന് അത്ഭുതം പ്രകടിപ്പിച്ചാണ് ഗിരിരാജ് സിങ് ട്വീറ്റ് ചെയ്തത്.
‘ഇതേ ആവേശത്തോടെ ഒരു നവരാത്രി വിരുന്ന് സംഘടിപ്പിച്ചു കൊണ്ടായിരുന്നു ഈ ചിത്രങ്ങളെങ്കില്‍ എത്ര മനോഹരമായേനേ. എന്തിന് നമ്മള്‍ നമ്മുടെ വിശ്വാസങ്ങളില്‍ നിന്നു പിന്നോട്ടുപോയി തട്ടിപ്പ് കാണിക്കണം.’- എന്നായിരുന്നു ഗിരിരാജ് സിങ്ങിന്റെ ട്വീറ്റ്.
മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ അതിനു മറുപടിയായി നിതീഷും സുശീലും രംഗത്തെത്തിയിരുന്നു. സിങ് മനഃപൂര്‍വമാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നായിരുന്നു നിതീഷിന്റെ ആരോപണം.
ഒരു ഹിന്ദുവാണെന്നതില്‍ താന്‍ അഭിമാനിക്കുന്നെന്നും ഹോളി ആഘോഷങ്ങളിലും പങ്കെടുക്കാറുണ്ടെന്നുമായിരുന്നു സുശീലിന്റെ പ്രതികരണം. കഴിഞ്ഞ 25 വര്‍ഷമായി ഇഫ്താര്‍ ആഘോഷങ്ങളില്‍ താന്‍ പങ്കെടുക്കാറുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ഹോളി ചടങ്ങ് പോലും സംഘടിപ്പിക്കാത്തവരാണ് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ഗിരിരാജ് സിങ്ങിന്റെ മാനസിക നില പരിശോധിക്കണമെന്നായിരുന്നു ജെ.ഡി.യു നേതാവ് സഞ്ജയ് സിങ്ങിന്റെ പ്രതികരണം. ഏതുതരത്തിലുള്ള വ്യക്തിയാണ് സിങ് എന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പസ്വാന്റെ മകന്‍ ചിരാഗ് പസ്വാന്‍ പരിഹസിച്ചു. ചിരാഗും വിരുന്നില്‍ പങ്കെടുത്തിരുന്നു.
നേരത്തേ രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ബിഹാറില്‍ ബി.ജെ.പിയും ജെ.ഡി.യുവും പരസ്പരം സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നുകളില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഇന്നലെ പസ്വാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇരുകൂട്ടരുമെത്തി.
ഇവരെക്കൂടാതെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച (സെക്കുലര്‍) നേതാവ് ജിതന്‍ റാം മഞ്ജിയും അതിന്റെ ഭാഗമായിരുന്നു. നിലവില്‍ പ്രതിപക്ഷ സഖ്യത്തിലാണ് ഈ പാര്‍ട്ടി. വെള്ള കുര്‍ത്തകളും പരമ്പരാഗത തൊപ്പിയും അണിഞ്ഞായിരുന്നു ചടങ്ങില്‍ പങ്കെടുത്തവരെല്ലാം.
നാലുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ഗിരിരാജ് സിങ് ബിഹാറിലെ ബെഗുസാരായിയില്‍ നിന്ന് ഇത്തവണ ജയിച്ച് ലോകസഭയിലെത്തിയത്. കനയ്യ കുമാറായിരുന്നു എതിരാളി. രണ്ടാം മോദി മന്ത്രിസഭയില്‍ മൃഗസംരക്ഷണ, ക്ഷീര, ഫിഷറീസ് വകുപ്പുകളുടെ മന്ത്രിയാണ് അദ്ദേഹം.