| Thursday, 5th May 2022, 1:18 pm

തോറ്റിട്ടും പഠിച്ചില്ല; കനത്ത തോല്‍വിക്ക് പിന്നാലെ അമിത് ഷാ വീണ്ടും ബംഗാളില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ വീണ്ടും ബംഗാളില്‍. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ യാത്രയാണിത്.

ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് അമിത് ഷായായിരുന്നു. ബംഗാളില്‍ നേരിട്ടെത്തി ദിവസങ്ങളോളം ചെലവിട്ട് പ്രചാരണം നടത്തിയിട്ടും ബി.ജെ.പിക്ക് ബംഗാളില്‍ പിടിച്ചുനില്‍ക്കാന്‍ ആയില്ല. ബംഗാളിലെ തോല്‍വി പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും തര്‍ക്കങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു.

എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് ബി.ജെ.പി.

കേരളവും തെലങ്കാനയും ബി.ജെ.പി നോട്ടമിട്ടിരിക്കുന്ന സംസ്ഥാനങ്ങളാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പി അധ്യക്ഷന്‍ നദ്ദ നേരിട്ടെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം കേരളത്തിലും തെലങ്കാനയിലും എത്തുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനും ബി.ജെ.പി പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്.

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ച പാളിച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പുതിയ നീക്കം. പിന്നിലായി പോയ 74,000 ബൂത്തുകളില്‍ സംഘടന വളര്‍ത്താനുള്ള പദ്ധതികള്‍ രൂപപ്പെടുത്താന്‍ നാലംഗ സമിതിയെ പാര്‍ട്ടി തെരഞ്ഞെടുത്തിട്ടുണ്ട്.

നാഷണല്‍ ടാസ്‌ക് ഫോഴ്സ് എന്ന പേരാണ് നാലംഗ സമിതിക്ക് നല്‍കിയിരിക്കുന്നത്.സംഘടനപരമായി സ്വാധീനമില്ലാത്ത ബൂത്തുകളെ കണ്ടെത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാനാണ് ഈ സമിതി. ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍മാരായ ബൈജയന്ത് പാണ്ഡ, ദിലീപ് ഘോഷ്, ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി, പട്ടികജാതി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ലാല്‍ സിങ് ആര്യ എന്നിവരാണ് സമിതി അംഗങ്ങള്‍.സ്വാധീനമില്ലാത്തെ ബൂത്തുകളെ തിരിച്ചറിഞ്ഞ് സ്വാധീനമില്ലാത്തത് എന്ത് കൊണ്ടെന്ന കാരണം സമിതി കണ്ടെത്തണം.

ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാന്‍, ചത്തീസ്ഗഡ്, ത്രിപുര, മധ്യപ്രദേശ് എന്നിവിടങ്ങളിലും ബി.ജെ.പി പ്രത്യേക ശ്രദ്ധ പുലര്‍ത്തും.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 303 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്.

Content Highlights: Amit Shah arrives in West Bengal on two-day visit

We use cookies to give you the best possible experience. Learn more