അഹമ്മദാബാദ്: വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഗുജറാത്തിലെ പന്ന പ്രമുഖ് ആയി നിയമിച്ച് ബി.ജെ.പി കേന്ദ്രനേതൃത്വം.
ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നുള്ള ലോക്‌സഭാ പാര്‍ലമെന്റ് അംഗം കൂടിയായ അമിത് ഷായെ സംസ്ഥാനത്തെ നരണ്‍പുരയിലെ ‘പന്നപ്രമുഖ്’ ആയിട്ടാണ് നിയമിച്ചിരിക്കുന്നത്.
ബി.ജെ.പിയുടെ മൈക്രോ ലെവല്‍ ബൂത്ത് മാനേജുമെന്റ് സിസ്റ്റത്തിന്റെ ഭാഗമായി, നിയമസഭാ സീറ്റിലെ വാര്‍ഡ് നമ്പര്‍ പത്തിലെ ബൂത്ത് നമ്പര്‍ 38 ശിവകുഞ്ചിലെ ചുമതലയാണ് അമിത് ഷായക്ക് നല്‍കിയത്.
വോട്ടര്‍ പട്ടികയിലെ ഒരു പേജിന്റെ ഉത്തരവാദിത്വമുള്ള ‘പന്ന പ്രമുഖ്’ ആയാണ് അമിത്ഷായെ നിയമിച്ചത്. മണ്ഡലത്തിലെ ശിവ്കുഞ്ജ് സൊസൈറ്റിയിലെ 10ാം വാര്‍ഡിലെ 38ാം ബൂത്തിലെ വോട്ടര്‍പട്ടികയുടെ ഒരു പേജിന്റെ ഉത്തരവാദിത്വമാണ് അമിത്ഷാക്കുള്ളത്.
നേരത്തെ ഈ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായിരുന്നു അമിത്ഷാ. ഒരു പന്ന പ്രമുഖിന് 60 വോട്ടര്‍മാരുള്ള 8-12 കുടുംബങ്ങളുടെ ഉത്തരവാദിത്വമാണുള്ളത്.
2007 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഗുജറാത്തില്‍ ആദ്യമായി ഈ രീതി ഉപയോഗിച്ചു പോന്നത്. പിന്നീട് മറ്റ് സംസ്ഥാനങ്ങളിലും ഇത് പകര്‍ത്തി. ഗുജറാത്തിലെ 52,000 പോളിംഗ് ബൂത്തുകളിലായി 15 ലക്ഷത്തോളം പന്ന പ്രമുഖുകളെ പാര്‍ട്ടി നിയമിച്ചിട്ടുണ്ട്. ഓരോ ബൂത്തിലും ആയിരത്തോളം വോട്ടര്‍മാരുണ്ട്.
ഗുജറാത്തിലെ 182 നിയമസഭാ സീറ്റുകളും ബി.ജെ.പി ലക്ഷ്യമിടുന്നുണ്ടെന്ന് സംസ്ഥാന യൂണിറ്റ് മേധാവി പാട്ടില്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
2022 ലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. അതിന് മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2021 ഫെബ്രുവരിയില്‍ നടക്കുമെന്നാണ് കരുതുന്നത്.
2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 182 അംഗ സഭയില്‍ 99 സീറ്റുകള്‍ ബി.ജെ.പി നേടിയിരുന്നു. കോണ്‍ഗ്രസ് 77 സീറ്റുകളും നേടി.
Content Highlight: Amit Shah appointed BJP ‘panna pramukh’ in Gujarat