ന്യൂദല്‍ഹി: ഛത്തീസ്ഗഡിലെ അവശേഷിക്കുന്ന നക്‌സലൈറ്റുകളോട് കീഴടങ്ങാന്‍ മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കീഴങ്ങിയില്ലെങ്കില്‍ സൈനിക നടപടി നേരിടേണ്ടി വരുമെന്നും 2026 മാര്‍ച്ച് 31 അവസാന ശ്വാസമായിരിക്കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി.
ഛത്തീസ്ഗഡില്‍ നിന്നുള്ള വിവിധ നക്‌സല്‍ ആക്രമണങ്ങള്‍ക്ക് ഇരയായവരോട് തന്റെ വസതിയില്‍ വെച്ച് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. നക്‌സല്‍ പ്രത്യയശാസ്ത്രവും അവരുടെ ആക്രമണങ്ങളും ഇന്ത്യയില്‍ നിന്ന് തുടച്ചുനീക്കണമെന്നാണ് നരേന്ദ്ര മോദിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
‘ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള തീവ്രവാദികള്‍ ചെയ്തത് പോലെ ആയുധം ഉപേക്ഷിച്ച് കീഴടങ്ങാന്‍ ഛത്തീസ്ഗഡിലെ നക്‌സലുകള്‍ തയ്യാറാകണമെന്ന് ഞാന്‍ അഭ്യാര്‍ത്ഥിക്കുന്നു. അഭ്യര്‍ത്ഥന അനുസരിച്ചില്ലെങ്കില്‍ ഭീഷണി അവസാനിപ്പിക്കുന്നതിന് വേണ്ടി സൈനിക ഓപ്പറേഷന്‍ നടത്തും,’ അമിത് ഷാ പറഞ്ഞു.
നിലവില്‍ രാജ്യത്തെ നക്‌സല്‍ ഭീഷണി ചത്തീസ്ഘഡിലെ നാല് ജില്ലകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതിനാല്‍ അവര്‍ക്കെതിരെയാ പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കാന്‍ സുരക്ഷാ സേനക്ക് സാധിച്ചിട്ടുണ്ടെന്നും അമിത് ഷാ പറയുന്നു. നേപ്പാളിലെ പശുപതിനാഥില്‍ നിന്ന് ആന്ധ്രയിലെ തിരുപ്പതിയിലേക്ക് ഒരു ഇടനാഴിയുണ്ടാക്കാന്‍ മാവോയിസ്റ്റുകള്‍ ശ്രമം നടത്തിയിരുന്നെന്നും എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അത് പരാജയപ്പെടുത്തിയെന്നും അമിത് ഷാ അവകാശപ്പെട്ടു.
മാവോയിസ്റ്റ്, നക്‌സലൈറ്റ് പ്രവര്‍ത്തകരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു. അതിനായി കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് തന്നെ വലിയ ക്യാംപയിനുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെയുണ്ടായ നാശനഷ്ടങ്ങളില്‍ തനിക്കൊന്നും ചെയ്യാനാകില്ലെന്നും ഇനി അത്തരം ആക്രമങ്ങളില്‍ നിന്ന് സാധാരണക്കാരായ ആളുകളെ സംരക്ഷിക്കാനാകുമെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് കൂടുതല്‍ വികസന, ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഛത്തീസ്ഗഡില്‍ നടപ്പിലാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമങ്ങള്‍ക്ക് ഇരയായവരുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍, ആരോഗ്യ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അമിത് ഷാ ഉറപ്പ് നല്‍കി.
content highlights: Amit Shah appeals to Naxalites to surrender; Notice that it will be terminated by March 31, 2026