കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവരെ ഒറ്റപ്പെടുത്താന്‍ സംഘടിത ശ്രമവുമായി കേന്ദ്രവും ബി.ജെ.പിയും; ഒരു 'പ്രൊപ്പഗാണ്ട'യ്ക്കും ഇന്ത്യയെ നശിപ്പിക്കാന്‍ കഴിയില്ലെന്ന് അമിത് ഷാ
ന്യൂദല്‍ഹി: കര്‍ഷക സമരത്തിന് അന്താരാഷ്ട്രതലത്തില്‍ പിന്തുണ ശക്തമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ഷകര്‍ക്ക് എതിരേയും കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവര്‍ക്കെതിരേയും പരോക്ഷ വിമര്‍ശനവുമായാണ് അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്.
ഒരു പ്രചാരണ സംഘത്തിനും ഇന്ത്യയുടെ ഐക്യത്തെ നശിപ്പിക്കാന്‍ കഴിയില്ലെന്നാണ് IndiaAgainstPropaganda എന്ന ഹാഷ്ടാഗില്‍ അമിത് ഷാ ട്വീറ്റ് ചെയ്തത്.
”ഒരു പ്രൊപ്പഗാണ്ടയ്ക്കും ഇന്ത്യയുടെ ഐക്യത്തെ ഭയപ്പെടുത്താന്‍ കഴിയില്ല! പുതിയ ഉയരങ്ങളിലെത്തുന്നതില്‍ നിന്നും ഇന്ത്യയെ തടയാന്‍ ഒരു പ്രൊപ്പഗാണ്ടയ്ക്കും കഴിയില്ല! ‘പുരോഗതി’ക്ക് മാത്രമേ ഇന്ത്യയുടെ വിധി നിര്‍ണ്ണയിക്കാന്‍ കഴിയുള്ളൂ. പുരോഗതി കൈവരിക്കുന്നതിനായി ഇന്ത്യ ഒറ്റക്കെട്ടായി നില്‍ക്കുന്നു, ”ഷാ ട്വീറ്റ് ചെയ്തു.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ ഐക്യം തകര്‍ക്കാനുള്ള പ്രത്യേക പ്രൊപ്പഗാണ്ടയാണ് നടക്കുന്നതെന്ന തരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത്.
രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം നിയന്ത്രിക്കണമെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്.
കര്‍ഷക സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചതിനെതിരെയും റിഹാന രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ റിഹാനയ്ക്കെതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയിരുന്നു.
റിഹാനയ്ക്ക് പുറമെ പരിസ്ഥി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ് തുടങ്ങിയവര്‍ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിനോടൊപ്പം തന്നെ ഇവര്‍ ഇന്റര്‍നെറ്റ് സസ്പെന്‍ഡ് ചെയ്തതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക