| Tuesday, 20th October 2020, 8:53 am

1962ല്‍ ആകാശവാണിയില്‍ 'ബൈ-ബൈ അസം' പറഞ്ഞ കോണ്‍ഗ്രസാണോ ഞങ്ങളെ ഇന്ത്യ-ചൈന വിഷയത്തില്‍ പഠിപ്പിക്കാന്‍ വരുന്നത്: അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 1962 ലെ ഇന്ത്യ-ചൈന യുദ്ധം ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസായിരുന്നു അധികാരത്തിലെങ്കില്‍ ചൈന ഇന്ത്യയില്‍ കാലുകുത്താന്‍ പോലും ധൈര്യപ്പെടില്ലായിരുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ.

1962ല്‍ ഇന്ത്യയുടെ ഹെക്ടര്‍ കണക്കിന് ഭൂമി ചൈന കൈവശപ്പെടുത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും ഇപ്പോള്‍ പറയുന്ന ഉപദേശമൊന്നും കേള്‍ക്കാന്‍ പാടില്ലായിരുന്നോ എന്നായിരുന്നു സീ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞത്.

”15 മിനിറ്റുകൊണ്ട് ചൈനക്കാരെ പുറത്താക്കുമെന്ന’ ഫോര്‍മുല 1962 ലേ നടപ്പാക്കാമായിരുന്നല്ലോ. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഹെക്ടര്‍ കണക്കിന് ഇന്ത്യന്‍ ഭൂമി നഷ്ടപ്പെടില്ലായിരുന്നു. അന്നത്തെ പ്രധാനമന്ത്രി ആകാശവാണിയില്‍ ‘ബൈ ബൈ അസം’ പറഞ്ഞ ആളാണ്. ആ കോണ്‍ഗ്രസാണോ ഇപ്പോള്‍ ഞങ്ങളെ പഠിപ്പിക്കാന്‍ വരുന്നത്. നിങ്ങളുടെ മുതുമുത്തച്ഛന്‍ അധികാരത്തിലുണ്ടായിരുന്നപ്പോള്‍ നമ്മള്‍ ചൈനയോട് തോറ്റ് നമ്മുടെ പ്രദേശങ്ങള്‍ നഷ്ടപ്പെടുത്തുകയായിരുന്നു.’ അമിത് ഷാ പറഞ്ഞു.

ജൂണ്‍ 15ന് ചൈന ലഡാക് താഴ്‌വരയില്‍ നടത്തിയ കൈയ്യേറ്റ ശ്രമത്തെ തടഞ്ഞ പട്ടാളക്കാരെ അഭിനന്ദിച്ച അമിത് ഷാ തങ്ങളുടെ സമയത്ത് കുറഞ്ഞ പക്ഷം പോരാടുകയെങ്കിലും ചെയ്തുവെന്ന് കോണ്‍ഗ്രസിനെ ഉന്നംവെച്ചുകൊണ്ട് പറഞ്ഞു. അതേസമയം നയതന്ത്ര ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നതെന്നും അ്‌ദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 7നായിരുന്നു ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തിയത്. ‘ഞങ്ങളായിരുന്നു അധികാരത്തിലെങ്കില്‍ ചൈന നമ്മുടെ രാജ്യത്ത് കാലുകുത്താന്‍ പോലും ധൈര്യപ്പെടില്ലായിരുന്നു. ഞങ്ങള്‍ വെറും 15 മിനിറ്റിനുള്ളില്‍ ചൈനയെ ആട്ടിപ്പുറത്താക്കുമായിരുന്നു.’

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി സര്‍ക്കാരും രാജ്യത്തെ ദുര്‍ബലമാക്കിയെന്നും അതുകൊണ്ടാണ് ചൈന ഇന്ത്യയിലെത്തി നമ്മുടെ സൈനികരെ വധിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Amit Shah against Rahul Gandhi and Congress on India-China boarder dispute

We use cookies to give you the best possible experience. Learn more