OROP എന്നത് കോണ്‍ഗ്രസിന് ഓണ്‍ലി രാഹുല്‍, ഓണ്‍ലി പ്രിയങ്ക എന്നാണ്: അമിത് ഷാ
national news
OROP എന്നത് കോണ്‍ഗ്രസിന് ഓണ്‍ലി രാഹുല്‍, ഓണ്‍ലി പ്രിയങ്ക എന്നാണ്: അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th January 2019, 7:22 pm

ഹിമാചല്‍പ്രദേശ്: ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതി (OROP) എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഓണ്‍ലി രാഹുല്‍, ഓണ്‍ലി പ്രിയങ്ക എന്നാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഹിമാചല്‍പ്രദേശിലെ ഉനയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

“”മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് സേനാ വിഭാഗത്തിലെ ഒരേ റാങ്കിലുള്ള സൈനികര്‍ക്ക് ഒരേ പെന്‍ഷന്‍ പദ്ധതി പ്രാവര്‍ത്തികമാക്കിയത്. കഴിഞ്ഞ എഴുപത് വര്‍ഷങ്ങളിലായി സൈനികരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ല.


മോദി, നമ്മുടെ സൈനികര്‍ക്ക് വേണ്ടിയാണ് ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ കോണ്‍ഗ്രസും അതേ രീതിയില്‍ ഒ.ആര്‍.ഒ.പി പിന്തുടരുന്നുണ്ട്. അത് ഓണ്‍ലി രാഹുല്‍ ഓണ്‍ലി പ്രിയങ്ക ആണെന്ന് മാത്രം””- അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചത്. പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി തവണ ബി.ജെ.പി വിവിധ പ്രസ്താവനകള്‍ നടത്തിയിരുന്നു. പ്രിയങ്കയുടെ സൗന്ദര്യത്തെ കുറിച്ച് പറഞ്ഞാണ് ബി.ജെ.പി നേതാക്കള്‍ അവരുടെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിക്കുന്നത്.

അവയിലൊക്കെ പ്രധാനപ്പെട്ടത് ചോക്ലേറ്റ് മുഖം വെച്ച് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ വോട്ടു ലഭിക്കില്ല എന്നായിരുന്നു. തെരഞ്ഞെടുപ്പ് എന്ന് പറയുന്നത് സൗന്ദര്യ മല്‍സരമല്ല എന്നായിരുന്നു ബീഹാര്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ സുശീല്‍ കുമാര്‍ മോദിയുടെ പ്രതികരണം.


കോണ്‍ഗ്രസിന് സ്വന്തം നേതാക്കള്‍ ഇല്ലാത്തതുകൊണ്ടാണ് ചോക്ലേറ്റ് മുഖങ്ങളെ തേടുന്നതെന്നായിരുന്നു ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വര്‍ഗിയയുടെ പ്രതികരണം.

പ്രിയങ്കയുടെ സൗന്ദര്യം വോട്ടായി മാറില്ലെന്നായിരുന്നു ബീഹാര്‍ മന്ത്രി വിനോദ് നരേന്റെ പരിഹാസം. പ്രിയങ്കാ ഗാന്ധിക്ക് ബൈപ്പോളാര്‍ ഡിസോര്‍ഡര്‍ ആണെന്നും അവര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നുമായിരുന്നു മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്.