ലക്‌നൗ: ഉത്തര്‍പ്രദേശിലെ മനേകാ ഗാന്ധിയുടെ മണ്ഡലമായ പിലിബിറ്റില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ എതിരേറ്റത് ഏതാണ്ട് കാലിയായ ഗ്രൗണ്ട്. ശനിയാഴ്ച പിലിബിറ്റിലെ ധ്രുമണ്ട കോളജ് ഗ്രൗണ്ടിലായിരുന്നു അമിത് ഷാ പങ്കെടുത്ത റാലി നടന്നത്.
അമിത് ഷായും ബി.ജെ.പി നേതാക്കളും വേദിയിലെത്തിയശേഷവും ഗ്രൗണ്ടിന്റെ നാലില്‍ മൂന്നുഭാഗവും കാലിയായിരുന്നു.
അമിത് ഷായും മനേകാ ഗാന്ധിയും എത്തിയശേഷവും ഗ്രൗണ്ട് കാലിയായിരുന്നു എന്ന് ഹാഫിങ്ടണ്‍ പോസ്റ്റ് ഡെപ്യൂട്ടി എഡിറ്റര്‍ ശിവം വീഡിയോ സഹിതം ട്വീറ്റു ചെയ്യുന്നു. കൂടാതെ റാലിയിലെ ജനതയോട് മുദ്രാവാക്യം വിളിച്ച് ആവേശം പ്രകടിപ്പിക്കാന്‍ അമിത് ഷാ ആവശ്യപ്പെടുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
Must Read: രാഹുലിന്റെ റോഡ് ഷോയില്‍ മോദി അനുകൂല മുദ്രാവാക്യം: വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്
അതിനിടെ, റാലിയില്‍ ജനപങ്കാളിത്തം കുറഞ്ഞത് മറച്ചുവെക്കാന്‍ വേദിയുടെ ക്ലോസപ് ചിത്രങ്ങളാണ് ബി.ജെ.പിയുടെ ഐ.ടി സെല്‍ പ്രചരിപ്പിച്ചത്. അമിത് ഷാ തന്നെ ട്വീറ്റു ചെയ്ത റാലിയുടെ ചിത്രങ്ങളാണ് ഐ.ടി സെല്‍ വിദഗ്ധര്‍ പ്രചരിപ്പിക്കുന്നത്.
മനേകാ ഗാന്ധിയുടെ മണ്ഡലമായി പിലിബിറ്റില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും വരുണ്‍ഗാന്ധിയെ ബി.ജെ.പി അകറ്റി നിര്‍ത്തിയിരുന്നു. അമിത് ഷായുടെ തീരുമാന പ്രകാരമാണ് വരുണിനെ പ്രചരണ രംഗത്തുനിന്നും മാറ്റിനിര്‍ത്തിയത്. ഇതില്‍ വരുണിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.