| Saturday, 2nd March 2019, 11:52 pm

ബാലാക്കോട്ട് വ്യോമാക്രമണം; വോട്ടു രാഷ്ട്രീയം കളിക്കുന്നതിന് ഒരു പരിധിയില്ലേയെന്ന് പ്രതിപക്ഷത്തോട് അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ ചോദ്യം ചെയ്ത പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടു രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. രാജ്യത്തെ സൈനികരുടെ കഴിവില്‍ സംശയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ലജ്ജിക്കേണ്ടിയിരിക്കുന്നുവെന്നും അമിത് ഷാ മധ്യപ്രദേശിലെ ഉമരിയയില്‍ നടന്ന റാലിക്കിടെ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

“മമതാ ബാനര്‍ജി സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ചോദ്യം ചെയ്തു. അഖിലേഷിന് പുല്‍വാമ സംഭവത്തില്‍ അന്വേഷണം വേണം. വോട്ടു രാഷ്ട്രീയത്തിന് ഒരു പരിതിയൊക്കെയുണ്ട്”- ഷാ പറഞ്ഞു.

ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിനെക്കാള്‍ മുഖ്യം രാജ്യസുരക്ഷയാണെന്നും ഷാ റാലിയില്‍ പറഞ്ഞു. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ വിഘടനവാദികള്‍ ഇന്ത്യയുടെ ഭാഷയില്‍ സംസാരിക്കണമെന്നും പാകിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കരുതെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത് പരാമര്‍ശിച്ച് ഷാ പറഞ്ഞു.

അതേസമയം, ഇന്ത്യന്‍ സൈനികരുടെ ത്യാഗങ്ങളെ ബി.ജെ.പി പ്രത്യക്ഷമായി രാഷ്ട്രീയവത്കരിക്കുകയാണെന്ന് രാജ്യത്തെ 21 രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവനയില്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

റഫാല്‍ കരാര്‍ വൈകുന്നതിന് കാരണം പ്രധാനമന്ത്രി നേരന്ദ്ര മോദിയാണെന്നും, വ്യോമസേനയില്‍ നിന്ന് മോഷ്ടിച്ച് മോദി അനില്‍ അംബാനിയുടെ കീശ വീര്‍പ്പിക്കുകയാണെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more