| Saturday, 20th July 2024, 6:48 pm

ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡില്‍ ഭൂജിഹാദും, ലവ് ജിഹാദും പ്രചരിപ്പിക്കുന്നു; വിദ്വേഷ പ്രസംഗം തുടർന്ന് അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സംസ്ഥാനത്ത് ഭൂജിഹാദും, ലവ് ജിഹാദും പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ജനസംഖ്യയും, സംവരണവും ഉറപ്പാക്കാന്‍ ധവളപത്രം കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു.

ഹേമന്ത് സോറന്‍ ലവ് ജിഹാദ് പ്രചരിപ്പിക്കുന്നത് സംസ്ഥാനത്തെ ജനസംഖ്യയില്‍ മാറ്റങ്ങള്‍ക്ക് കാരണമായെന്നും അമിത് ഷാ പറഞ്ഞു. ജാര്‍ഖണ്ഡില്‍ നടന്ന ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അമിത് ഷായുടെ പരാമര്‍ശം.

ആദിവാസി വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയായിട്ടും ഹേമന്ദ് സോറന്‍ തന്റെ ജനങ്ങളെ ശ്രദ്ധിക്കുന്നില്ലെന്നും പകരം, ആദിവാസികള്‍ കൂടുതലുള്ള സംസ്ഥാനത്ത് ഭൂജിഹാദും ലൗ ജിഹാദും പ്രചരിപ്പിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

‘ഇത് ജനസംഖ്യാപരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ ആദിവാസി സ്ത്രീകളെ വിവാഹം കഴിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ നേടുകയും ജാര്‍ഖണ്ഡില്‍ ഭൂമി വാങ്ങുകയും ചെയ്യുന്നു. ഇത് ഭാവിയില്‍ ആദിവാസികളുടെ ജനസംഖ്യ കുറയുന്നതിലേക്ക് നയിക്കും,’ അമിത് ഷാ പറഞ്ഞു.

രാജ്യത്ത് എവിടെയെങ്കിലും ആദിവാസികളുടെ ജനസംഖ്യ കുറയുന്നുണ്ടെങ്കില്‍ അത് ജാര്‍ഖണ്ഡില്‍ മാത്രമാണെന്നും അമിത് ഷാ അവകാശപ്പെട്ടു. ജാര്‍ഖണ്ഡിലെ ജനങ്ങള്‍ വോട്ട് ചെയ്ത് ബി.ജെ.പിയെ അധികാരത്തിലെത്തിച്ചാല്‍ അവരുടെ ഭൂമിയും ജനസംഖ്യയും സംവരണവും ഉറപ്പാക്കാന്‍ ധവളപത്രം കൊണ്ടുവരും. അനധികൃത കുടിയേറ്റക്കാര്‍ സംസ്ഥാനത്തേക്ക് കടക്കുന്നത് യുവാക്കളുടെ തൊഴിലവസരങ്ങളെ നേരിട്ട് ബാധിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ജാര്‍ഖണ്ഡിലെ എല്ലാ പ്രശ്‌നങ്ങള്‍ക്ക് നേരെയും ഹേമന്ത് സോറന്‍ കണ്ണടച്ചിരിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഹേമന്ത് സോറന് വോട്ട് ബാങ്കില്‍ മാത്രമാണ് ആശങ്ക. ആദിവാസികളുടെ പുരോഗതി എന്നതാണ് ബി.ജെ.പിയുടെ ആശയമെന്നും അമിത് ഷാ പറഞ്ഞു.

ആദിവാസികളുടെ ക്ഷേമത്തില്‍ ശ്രദ്ധ ചെലുത്തുന്നത് ബി.ജെ.പി സര്‍ക്കാരാണെന്നാണ് അമിത് ഷാ യോഗത്തില്‍ അവകാശപ്പെട്ടത്. കേന്ദ്ര മന്ത്രിസഭയില്‍ പോലും ഏറ്റവും കൂടുതല്‍ പിന്നോക്ക സമുദായത്തില്‍ നിന്നുള്ള മന്ത്രിമാരാണുള്ളതെന്നും ജാര്‍ഖണ്ഡിലെ ജനങ്ങള്‍ അഴിമതിക്കാരനായ ഹേമന്ത് സോറനെ പിഴുതെറിഞ്ഞ് മോദിയെ പിന്തുണയ്ക്കണമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: Amit Shah accuses Hemant Soren of ‘land and love jihad’, promises ‘white paper’ on demography

We use cookies to give you the best possible experience. Learn more