'കേരളത്തിൽ ബി.ജെ.പി. നാലോ അഞ്ചോ സീറ്റുകൾ നേടും, ശബരിമല വിഷയത്തിൽ കേരള സർക്കാർ വിശ്വാസികളെ ദ്രോഹിച്ചു': അമിത് ഷാ
D' Election 2019
'കേരളത്തിൽ ബി.ജെ.പി. നാലോ അഞ്ചോ സീറ്റുകൾ നേടും, ശബരിമല വിഷയത്തിൽ കേരള സർക്കാർ വിശ്വാസികളെ ദ്രോഹിച്ചു': അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th April 2019, 11:00 am

ന്യൂദൽഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യം കേരളത്തിൽ 4 സീറ്റുകൾ നേടുമെന്ന് അമിത് ഷാ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ സുപ്രീം കോടതി വിധിയുടെ മറ പിടിച്ച് ഭഗവാൻ അയ്യപ്പനെതിരെ പ്രവർത്തിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. കേരള സർക്കാരിന്റെ നടപടികൾ നേരിടാൻ ബി.ജെ.പി. ഒരുക്കമാണെന്നും വിശ്വാസികൾക്ക് ഒപ്പമാണ് പാർട്ടി നിലകൊള്ളുന്നതെന്നും അമിത് ഷാ പറഞ്ഞു.

ശനി ഷിംഘ്നാപൂർ ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിട്ട് ഇപ്പോൾ ശബരിമലയിൽ അതിനെ എതിർക്കുന്നതെന്തിനെന്ന് ചോദ്യം വന്നപ്പോൾ അത് വിശ്വാസത്തിന്റെ പ്രശ്നമാണെന്നാണ് അമിത് ഷാ പറഞ്ഞത്. ‘ദ വീക്ക്’ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യങ്ങൾ പറഞ്ഞത്.

കർണാടകത്തിൽ അഴിമതി രൂക്ഷമായിരിക്കുകയാണെന്നും ജനഹിതത്തിനു എതിരായാണ് കോൺഗ്രസ്, ജെ.ഡി.എസ്. സഖ്യം സർക്കാർ രൂപീകരിച്ചതെന്നും അമിത് ഷാ പറഞ്ഞു. തമിഴ്നാട്ടിൽ ഡി.എം.കെ, കോൺഗ്രസ് സഖ്യം മികച്ച വിജയം നേടുമെന്ന് മാധ്യമങ്ങൾ തുടക്കത്തിൽ പറഞ്ഞിരുന്നുവെങ്കിലും തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോ ഇരു കക്ഷികൾക്കും തുല്യ ജയസാധ്യതയാണ് അവർ പ്രവചിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. തമിഴ്‌നാട്ടിലെ സാഹചര്യം ഇപ്പോൾ ബി.ജെ.പിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.